ദേശീയപാത 66ൽ 15 സ്ഥലങ്ങളിൽ തകർച്ചകളുണ്ടായെന്ന് കേന്ദ്രം
വീരമലക്കുന്ന് മണ്ണിടിച്ചിൽ ; ദേശീയപാത അതോറിറ്റിയും കരാറുകാരും മുന്നറിയിപ്പ് അവഗണിച്ചു

കാസർകോട്
ജില്ലാ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ദേശീയപാതയിൽ ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിലിനും ഗതാതഗതടസ്സത്തിനും വഴിവച്ചതെന്ന് ജില്ലാ ദുരന്തനിവാരണ സമിതി റിപ്പോർട്ട്. ബുധനാഴ്‌ചയും ദേശീയപാതയിൽ മണ്ണിടിഞ്ഞതോടെ ദുരന്തനിവാരണ സമിതി സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ദേശീയപാത അതോറിറ്റിയും കരാറുകാരായ മേഘ കൺസ്ട്രഷൻ കമ്പനിയും മുന്നറിയിപ്പ് അവഗണിച്ചതിനെക്കുറിച്ച് പറയുന്നത്.
മൂന്നാഴ്‌ചമുമ്പ് മണ്ണിടിച്ചിലുണ്ടായപ്പോൾ നടത്തിയ ഡ്രോൺ പരിശോധനയിൽ വീരമലക്കുന്നിൽ നാലിടത്ത് വലിയ വിള്ളലും നിരവധി ചെറുവിള്ളലുകളും കണ്ടിരുന്നു. ദുരന്തം തടയാൻ അടിയന്തര സുരക്ഷാനടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണസംവിധാനം അന്ന് മുന്നറിയിപ്പ് നൽകിയതാണ്. ദേശീയപാത അതോറിറ്റിയും കരാറുകാരും ഇത് അവഗണിച്ചു. പരിസരത്തെ കുടുംബങ്ങൾക്ക് സുരക്ഷാഭീഷണിയുണ്ട്. ഇതുവഴിയുള്ള ഗതാഗതം സുരക്ഷിതമല്ലെന്നും ദുരന്തനിവാരണ സമിതി കലക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
ദേശീയപാതയിലൂടെ വ്യാഴാഴ്‌ച രാവിലെമുതൽ ഭാരവാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. എന്നാൽ, നാലുചക്ര യാത്രാവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും അനുമതിയില്ല. യാത്രാവാഹനങ്ങൾ നീലേശ്വരം കോട്ടപ്പുറം, കോത്തായിമുക്ക്, കയ്യൂർ ചെമ്പ്രകാനം, പാലക്കുന്ന് വഴിയിലൂടെ തിരിച്ചുവിട്ടു.
പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സമീപവാസികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വീരമലക്കുന്നിന് സമാനമായ അപകടസാധ്യതാമേഖലയായി കണ്ടെത്തിയ ബേവിഞ്ച, തെക്കിൽ, മട്ടലായിക്കുന്ന് എന്നിവിടങ്ങളിലും ജാഗ്രതാനിർദേശമുണ്ട്. മട്ടലായിക്കുന്നിൽ ഈയിടെയുണ്ടായ മണ്ണിടിച്ചിലിൽ നിർമാണജോലിക്കിടെ അതിഥിത്തൊഴിലാളി മരിച്ചിരുന്നു.
ദേശീയപാത 66ൽ 15 സ്ഥലങ്ങളിൽ തകർച്ചകളുണ്ടായെന്ന് കേന്ദ്രം
കേരളത്തിലെ നിർമാണത്തിലിരിക്കുന്ന ദേശീയപാത 66ൽ 15 ഇടത്ത് തകർച്ച കണ്ടെത്തിയെന്ന് കേന്ദ്രഗതാഗത മന്ത്രാലയം. പ്രശ്‌നം പഠിക്കാനായി രണ്ട് വിദഗ്‌ധസമിതികൾ രൂപീകരിച്ചു. ആദ്യസമിതിയുടെ റിപ്പോർട്ട് ലഭിച്ചു. രണ്ടാമത്തെ സമിതിയുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം പാർലമെന്റിൽ ചോദ്യത്തിന് ഉത്തരം നൽകി. ദേശീയപാതയിലെ തകർച്ചയുടെ ഉത്തരവാദിത്വം കരാറുകാർക്കാണെന്നും അത് പരിഹരിക്കാൻ അവർ ബാധ്യസ്ഥരാണെന്നും മന്ത്രാലയം കഴിഞ്ഞദിവസം ഉത്തരം നൽകിയിരുന്നു. അതേസമയം, കേരളത്തിലെ റോഡുകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ അഞ്ചുവർഷത്തിനിടെ പ്രത്യേക ശാസ്‌ത്രീയ പഠനങ്ങളോ സാങ്കേതിക വിലയിരുത്തലുകളോ നടത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.









0 comments