ജലസംരക്ഷണത്തിനുള്ള സ്ഥലം ആർഡിഒ നിശ്ചയിക്കും
തരംമാറ്റാൻ അപേക്ഷിക്കേണ്ടത് മുഴുവൻ ഭൂമിക്കും : ഹൈക്കോടതി

കൊച്ചി
നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരംമാറ്റുമ്പോൾ ജലസംരക്ഷണ വ്യവസ്ഥപ്രകാരം മാറ്റിവയ്‌ക്കേണ്ട 10 ശതമാനം ഭൂമി ഏതു ഭാഗത്ത് വേണമെന്ന് തീരുമാനിക്കാൻ അധികാരം ആർഡിഒയ്‌ക്കാണെന്ന് ഹൈക്കോടതി. ഭൂ ഉടമ മുഴുവൻ ഭൂമിയും തരംമാറ്റാനുള്ള അപേക്ഷയാണ് നൽകേണ്ടത്. ജലസംരക്ഷണഭാഗം ഒഴിവാക്കി ബാക്കിവരുന്ന ഭൂമിക്കുമാത്രമായി അപേക്ഷിക്കാനാകില്ലെന്നും ജസ്റ്റിസ് സി എസ് ഡയസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള അപേക്ഷ നിരസിച്ചത് ചോദ്യംചെയ്ത് ആലപ്പുഴ സ്വദേശി ചിത്തരഞ്ജൻ തമ്പാൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
50 സെന്റിൽ (20.2 ആർ) അധികമുള്ള ഭൂമി, ഡാറ്റാ ബാങ്കിൽനിന്ന് തരംമാറ്റത്തിലൂടെ നീക്കുമ്പോൾ ആകെ ഭൂമിയുടെ പത്തുശതമാനം ജലസംരക്ഷണത്തിനായി മാറ്റിവയ്‌ക്കണമെന്നാണ് വ്യവസ്ഥ. ഹർജിക്കാരന് 70 സെന്റ് (28.25 ആർ) ഭൂമിയാണുള്ളത്. അതിൽനിന്ന് പത്തുശതമാനം ഒഴിവാക്കി 63 സെന്റ് (25.42 ആർ) ഭൂമി തരംമാറ്റാൻ നൽകിയ അപേക്ഷയാണ് നിരസിച്ചത്.
ആകെ സ്കെച്ച് തയ്യാറാക്കിവേണം അപേക്ഷിക്കാൻ. വില്ലേജ് ഓഫീസറും കൃഷി ഓഫീസറും നൽകുന്ന റിപ്പോർട്ടിലാണ് ആർഡിഒ അനുമതി നൽകുക. സമീപം നെൽവയലുകളുണ്ടെങ്കിൽ അതിലേക്കുള്ള നീരൊഴുക്ക് കണക്കിലെടുത്താകണം ഒഴിച്ചിടേണ്ട ഭൂമി തീരുമാനിക്കേണ്ടത്. ഈ ഭൂമി, രേഖകളിൽ തണ്ണീർത്തടമായി നിലനിർത്തണമെന്നും കോടതി വ്യക്തമാക്കി.









0 comments