തേങ്ങ പറിക്കാൻ പൊലീസ് സമ്മതിക്കണം ; തലതിരിഞ്ഞ ഉത്തരവുമായി ലക്ഷദ്വീപ് ഭരണനേതൃത്വം

കൊച്ചി
തേങ്ങ പറിക്കണമെങ്കിൽ 24 മണിക്കൂർമുന്പ് പൊലീസിന്റെ അനുവാദം വാങ്ങണമെന്ന വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണനേതൃത്വം. അംഗീകൃത ഉപകരണം ഉപയോഗിച്ചാകണം തെങ്ങുകയറ്റമെന്നും സഹായത്തിന് താഴെ നിർബന്ധമായി ഒരാൾ നിൽക്കണമെന്നും അയാൾ കൈയുറയും ഹെൽമെറ്റും ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിലാണ് വിവാദ ഉത്തരവിറങ്ങിയത്. തെങ്ങുകൃഷിയെ ആശ്രയിച്ചുജീവിക്കുന്ന നിരവധി കർഷകരുള്ള ലക്ഷദ്വീപിൽ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. സിപിഐ എമ്മും മറ്റു സംഘടനകളും പ്രതിഷേധത്തിനൊരുങ്ങുന്നു. സമൂഹമാധ്യമങ്ങളിൽ നിരവധിപേർ പ്രതിഷേധിച്ചു.
റോഡരികിലുള്ള തെങ്ങുകളിൽനിന്ന് തേങ്ങയിടണമെങ്കിൽ 24 മണിക്കൂർമുമ്പ് എസ്‌എച്ച്‌ഒയുടെ അനുമതി തേടണമെന്ന് ഡെപ്യൂട്ടി കലക്ടർ മുകുന്ദ് വല്ലഭ് ജോഷി ഇറക്കിയ ഉത്തരവിൽ പറയുന്നു. എസ്‌എച്ച്‌ഒയ്‌ക്കുപുറമെ ലക്ഷദ്വീപ് പൊതുമരാമത്തുവകുപ്പ് അസിസ്‌റ്റന്റ് എൻജിനിയറുടെ അനുമതി വേണം. ഗതാഗതത്തിരക്കുള്ളപ്പോഴും സ്‌കൂൾ സമയത്തും ലക്ഷദ്വീപിലേക്ക് കപ്പലുകൾ എത്തുന്പോഴും പുറപ്പെടുന്പോഴും തേങ്ങയിടരുത്. തേങ്ങയിടുംമുമ്പ് തെങ്ങിന് 10 മീറ്റർ അകലം അടയാളപ്പെടുത്തി സുരക്ഷ ഉറപ്പാക്കണം. ഒരാൾ താഴെനിന്ന് നിരീക്ഷിക്കണം. ഇതിനിടെ അപകടമോ പരിക്കോ ഉണ്ടായാൽ തെങ്ങിന്റെ ഉടമയോ തേങ്ങയിടുന്നയാളോ ഉത്തരവാദിയാകും.
ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ ആർ അജ്‌മൽ അഹമ്മദ് ലക്ഷദ്വീപ് ജില്ലാ കലക്ടറെ സമീപിച്ചു. ഉത്തരവ് ലക്ഷദ്വീപിലെ പരന്പരാഗത കേരകർഷകരെ പ്രയാസത്തിലാക്കുമെന്നും വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് ഉത്തരവിറക്കിയതെന്നും അഭിഭാഷകൻ പറയുന്നു.









0 comments