ലഹരിക്കെതിരെ ബിൽ പാസാക്കി 'കുട്ടി' സഭാസമ്മേളനം

തിരുവനന്തപുരം : ലഹരി വിപത്തിനെതിരെ ശക്തമായ വാദവുമായി ഭരണ പ്രതിപക്ഷങ്ങൾ ഏറ്റുമുട്ടി. ഒടുവിൽ നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ‘ബിൽ’ സഭ ഐക്യകണ്ഠേന പാസാക്കി കുട്ടികളുടെ നിയമസഭ പിരിഞ്ഞു. ലഹരി ഉപയോഗിച്ചാൽ 18 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിലും ശക്തമായ ശിക്ഷ നൽകുന്ന തരത്തിലേക്കാണ് നിലവിലെ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ അവതരിപ്പിച്ചത് . ബില്ലിന്റെ ചർച്ച സമ്പുഷ്‌ടമാക്കിയും മുഖ്യമന്ത്രിയുടെയുടെ പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും ഇടപെടൽകൊണ്ടും സഭ പലപ്പോഴും ബഹളത്തിൽ മുങ്ങി. സ്‌പീക്കർ ഇടപ്പെട്ട് സഭ എല്ലാവരേയും ശാന്തമാക്കി സഭ നടത്തിക്കൊണ്ടുപോയി.

കേരള നിമസഭയിൽ സ്‌റ്റുഡന്റ് പൊലീസ് കാഡറ്റുകൾ നടത്തിയ മോക് നിയസഭാ സമ്മേളനമാണ് ശ്രദ്ധേയമായത്. തെരഞ്ഞെടുക്കപ്പെട്ട 14 കാഡറ്റുകളാണ് മോക് സഭയിൽ പങ്കാളികളായത്. സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുന്ന ആയിരത്തോളം കുട്ടികളിൽ വിവിധ തലത്തിൽ സ്‌ക്രീനിംഗ് നടത്തിയാണ് 14 പേരെ തെരഞ്ഞെടുത്ത്. എസ് ആനന്ദായിരുന്നു മുഖ്യമന്ത്രിയായത്. എസ് എ ഗൗരിശ്രീ പ്രതിപക്ഷ നേതാവും കെ അക്ഷര സ്‌പീക്കറും എസ് ആർ ഉജ്വൽ കൃഷ്‌ണ എക്‌സൈസ് മന്ത്രിയുമായി. മുഹമ്മദ് അസ്‌ലം ചീഫ് മാർഷലുമായി.

സ്‌പീക്കർ എ എൻ ഷംസീർ, നിയമസഭാ സെക്രട്ടറി എൻ കൃഷ്‌ണകുമാർ, ഐജിയും എസ്‌പിസി നോഡൽ ഓഫീസറുമായ അജിതാ ബീഗം, എസ്പി കെ മുഹമ്മദ് ഷാഫി എന്നിവർ കുട്ടികളുടെ സഭ കാണാനെത്തി. സ്‌പീക്കർ കുട്ടികളുമായി സംവദിക്കുകയും ചെയ്‌തു.









0 comments