കുന്നംകുളം ലോക്കപ് മർദനം: പ്രചാരണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ- സിപിഐ എം

തൃശൂർ : കുന്നംകുളം പൊലീസ് സ്‌റ്റേഷനിലെ മർദന ദൃശ്യം പുറത്തുവന്നതിനെത്തുടർന്ന് പ്രചരിപ്പിക്കുന്ന വാർത്തകൾ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി.
നിയമം പാലിക്കേണ്ടവർ നിയമം കൈയ്യിലെടുക്കുന്നതിനെ എക്കാലവും എതിർത്ത പാരമ്പര്യമാണ് സിപിഐ എമ്മിന്റേത്. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ രണ്ടുവർഷം മുമ്പുണ്ടായ ലോക്കപ്പ് മർദനത്തെയും അതേ നിലയിൽ തന്നെയാണ് കാണുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും പൊലീസും നടപടി സ്വീകരിച്ചത് സ്വാഗതം ചെയ്യുന്നു. നിയമം പാലിക്കേണ്ടവരും ജനങ്ങൾ നിയമം ലംഘിച്ചാൽ നടപടിയെടുക്കേണ്ടവരുമാണ് പൊലീസ്. സേനയിലുള്ളവരുടെ വൈകാരിക നിലപാടുകളും സമീപനങ്ങളും അന്വേഷണത്തിൽ പ്രതിഫലിക്കാൻ പാടില്ലെന്ന നിലപാട് ഉയർത്തി പിടിക്കുന്നതു കൊണ്ടാണ് എൽഡിഎഫ് സർക്കാർ വ്യത്യസ്‌തമാകുന്നത്.
കോളിളക്കം സൃഷ്‌ടിച്ച നിരവധി കേ സുകൾ കേരള പൊലീസ് തെളിയിച്ചിട്ടുണ്ട്. ഒമ്പത് വർഷമായി രാജ്യത്തെ മികച്ച ക്രമസമാധാന പാലനമുള്ള സംസ്ഥാനമായി കേരളം മാറിയത് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റേയും ഇടപെടലിലൂടെത്തന്നെയാണ്. പൊലീസിനെ അപകീർത്തിപ്പെടുത്താൻ വലതു രാഷ്ടീയ ശക്തികൾ നിരന്തരം ശ്രമിക്കുകയാണ്. തങ്ങളുടെ ഭരണ കാലത്ത് നിരപരാധികളെ ക്രൂരമർദനത്തിന് വിധേയമാക്കിയ പാർടിയാണ് കോൺഗ്രസ്. അന്ന് പ്രതിപക്ഷത്തെ എംഎൽഎമാരെ കള്ളക്കേസുകളിൽ കുടുക്കുകയും സിപിഐ എം പ്രവർത്തകരെ ഭീകര മർദനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഒരു ഉദ്യോഗസ്ഥനെതിരെ പോലും അന്ന് നടപടിയെടുത്തിട്ടില്ല.
കുന്നംകുളം സ്റ്റേഷനിലെ സംഭവത്തിന് ഒരു മറുവശം കൂടിയുണ്ട്. നിരപരാധിയായ യൂത്ത് കോൺഗ്രസുകാരനെ പൊലീസ് തല്ലി എന്നതാണ് പ്രചരിപ്പിക്കപ്പെട്ട വാർത്ത. അപരാധിയാണെങ്കിലും തല്ലാൻ പാടില്ല എന്ന തത്വാധിഷ്ഠിത നിലപാട് അംഗീകരിച്ചു കൊണ്ടുതന്നെ സത്യം സത്യമായി പറയേണ്ടതുണ്ട്. ടി കെ സുജിത് പൊലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തതുൾപ്പടെ 11 കേസുകളിൽ പ്രതിയാണ്.
പൊതു സ്ഥലത്ത് കൂട്ടം കൂടി മദ്യപിച്ച് ബഹളംവച്ച മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തപ്പോൾ ഇവരെ ബലമായി ഇറക്കിയ ആളാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ വാച്ച് ഈ ഘട്ടത്തിൽ നഷ്ടപ്പെടുകയും ചെയ്തിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ എടുത്തത്. മറ്റു ചില ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. കേരളത്തിലെ പ്രമു ഖ ചാനലുകൾ ടി കെ സുജിത് പൊലീസിനെ കൈയ്യേറ്റം ചെയ്ത് പ്രതികളെ മോചിപ്പിച്ചു എന്ന വാർത്ത നേരത്തെ സംപ്രേക്ഷണം ചെയ്തിരുന്നതാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഈ സംഭവം ബോധപൂർവം മറച്ചുവച്ചു. നിരപരാധിയെ പൊലീസ് തല്ലി എന്ന പ്രതീതി ജനിപ്പിക്കാനായിരുന്നു ഇത്. ഇത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എന്ന് വ്യക്തമാണെന്നും ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു.









0 comments