മുണ്ടക്കൈ ദുരന്തം ; 18.59 കോടിയുടെ കുടുംബശ്രീ വായ്പ സർക്കാർ ഏറ്റെടുക്കും

വി ജെ വർഗീസ്
Published on Apr 08, 2025, 12:25 AM | 1 min read
കൽപ്പറ്റ : മുണ്ടക്കൈ,-ചൂരൽമല ദുരന്തബാധിതർക്ക് വിവിധ ബാങ്കുകളിലുള്ള കുടുംബശ്രീ വായ്‌പകൾ സർക്കാർ ഏറ്റെടുക്കും. മേപ്പാടിയിലെ മൂന്ന് ബാങ്കുകളിലായി കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കുള്ള 18.59 കോടി രൂപയുടെ ബാധ്യതയാണ് ഏറ്റെടുക്കുക. വായ്പ സർക്കാർ അടച്ചുതീർക്കും. കേരള ഗ്രാമീൺ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ മേപ്പാടിലെ ശാഖയിലായാണ് വായ്പ.
ഉരുൾബാധിതമേഖലയിൽ 44 കുടുംബശ്രീ യൂണിറ്റുകളാണുള്ളത്. ലിങ്കേജ്, ജെഎൽജി വായ്‌പകളാണ് അംഗങ്ങളെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് തുക അനുവദിക്കുക. വായ്പകളെക്കുറിച്ച് കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കുടുംബശ്രീ ജില്ലാ മിഷൻ കടബാധ്യതാ റിപ്പോർട്ട് തയ്യാറാക്കി കൈമാറി. ബാങ്കുനടപടി പൂർത്തിയായാൽ പണം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കൈമാറും. ദുരിതബാധിതർക്ക് കേരള ബാങ്കിലുള്ള വായ്പ എഴുതിത്തള്ളിയതിന് പിന്നാലെയാണ് കുടുംബശ്രീ വായ്‌പകളും ഏറ്റെടുക്കുന്നത്. 207 വായ്‌പകളിലായി 3.85 കോടിയുടെ ബാധ്യതയാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്. അതേസമയം, ദുരന്തബാധിതർക്ക് ദേശസാൽകൃത ബാങ്കുകളിലുള്ള വായ്‌പ എഴുതിത്തള്ളില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിന്. 35 കോടി രൂപയാണ് വിവിധ ബാങ്കുകളിലുള്ള കടം.
കേന്ദ്രം അനങ്ങിയില്ല
ദേശീയ ദുരന്ത നിവാരണ അതോറിറ്റി ശുപാർശചെയ്‌താൽ ദുരന്തനിവാരണ നിയമം സെക്ഷൻ 13 പ്രകാരം കടം എഴുതിത്തള്ളാൻ ദേശസാൽകൃത ബാങ്കുകളോട് കേന്ദ്രസർക്കാരിന് ആവശ്യപ്പെടാം. കടം സിബിൽ സ്‌കോറിൽ ഉൾപ്പെടുത്താതെ ജീവനോപാധിക്ക് കടമെടുക്കാൻ അവകാശപ്പെടുത്തുകയും ചെയ്യാം. എന്നാൽ കേന്ദ്രം ഇതിന് തയ്യാറായിട്ടില്ല.








0 comments