1,63,458 സൂക്ഷ്മസംരംഭ യൂണിറ്റ് ; കുടുംബശ്രീ തൊഴിൽ നൽകിയത് 3.23 ലക്ഷം സ്‌ത്രീകള്‍ക്ക്

തിരുവനന്തപുരം : സൂക്ഷ്മ സംരംഭമേഖലയിൽ 3.23 ലക്ഷം സ്‌ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കി ചരിത്രം സൃഷ്‌ടിച്ച് കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ 1,63,458 സംരംഭങ്ങൾ രൂപീകരിച്ചാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്.
ഫെബ്രുവരിയിൽ ആരംഭിച്ച ‘കെ- ലിഫ്റ്റ്’ പ്രത്യേക ഉപജീവന ക്യാമ്പയിൻ വഴി രൂപീകരിച്ച 34,422 സംരംഭങ്ങളും ഇതിൽപ്പെടും. ഇതിലൂടെമാത്രം 61,158 പേർക്കാണ് തൊഴിൽ ലഭിച്ചത്. ഉൽപ്പാദന മേഖലയിലെ സംരംഭങ്ങളാണ് കൂടുതലും. 69,484 സംരംഭങ്ങളാണുള്ളത്. അങ്കണവാടികളിലേക്ക് അമൃതം ന്യൂട്രിമിക്സ് തയ്യാറാക്കി നൽകുന്നത് 241 യൂണിറ്റുകളാണ്. 1680 സ്‌ത്രീകളാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്.
സേവന മേഖലയിൽ 49,381-, വ്യാപാര രംഗത്ത് 35,646 എന്നിങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം. മൂല്യവർധിത ഭക്ഷ്യ ഉൽപ്പന്ന നിർമാണവും സംസ്കരണവുമടക്കമുള്ള മേഖലകളിലും ശ്രദ്ധേയ നേട്ടം കൈവരിച്ചു. 2685 സംരംഭങ്ങൾ ഭക്ഷ്യ സംസ്കരണ മേഖലയിലുണ്ട്. അജൈവ മാലിന്യ ശേഖരിക്കുന്ന 4438 ഹരിതകർമ സേനകൾവഴി 35,214 വനിതകൾക്കും മികച്ച വരുമാനം ലഭിക്കുന്നു. കെട്ടിട നിർമാണ യൂണിറ്റ്, സിമന്റ് കട്ട നിർമാണം, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഡ്രൈവിങ് സ്കൂൾ, മാര്യേജ് ബ്യൂറോ, ഹൗസ് കീപ്പിങ്ങ് രംഗങ്ങളിലും സംരംഭകരുണ്ട്.
288 ബ്രാൻഡഡ് കഫേ, 13 ജില്ലകളിൽപ്രീമിയം കഫേ റെസ്‌റ്റോറന്റുകൾ എന്നിവയും പ്രയോജനം ചെയ്യുന്നു. വയോജന രോഗീപരിചരണ മേഖലയിൽ ആവിഷ്കരിച്ച കെ 4 കെയർ പദ്ധതിയിൽ 605 പേർക്ക് തൊഴിൽ ലഭിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ 51 ഇ -സേവാകേന്ദ്രങ്ങൾ, സർക്കാർ വകുപ്പുകളിലും ഓഫീസുകളിലുമായി 343 കാന്റീൻ എന്നിവയിലും കൂടുതൽ തൊഴിലാളികൾ സ്‌ത്രീകളാണ്.









0 comments