രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് ഇനി പാലക്കാടും

മന്ത്രി എം ബി രാജേഷ് പാലക്കാട് കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് ഇനി പാലക്കാടും. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പതിമൂന്നാമത് പ്രീമിയം കഫേ റസ്റ്റോറന്റ് പാലക്കാട് ആരംഭിച്ചു. പാലക്കാട് കണ്ണമ്പ്ര പന്തലാംപാടത്ത് ദേശീയ പാതയ്ക്ക് സമീപം ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി നിർമിച്ച വഴിയോര വിശ്രമകേന്ദ്രത്തിലാണ് പുതിയ പ്രീമിയം കഫേ റസ്റ്റോറന്റിന്റെ പ്രവർത്തനം. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പ്രീമിയം കഫേ ഉദ്ഘാടനം ചെയ്തു.
വിശ്വാസ്യതയാണ് കുടുംബശ്രീയുടെ കൈമുതലെന്നും കൈപ്പുണ്യമാണ് കുടുംബശ്രീയുടെ മുഖമുദ്രയെന്നും പ്രീമിയം കഫേ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ ഭക്ഷ്യമേളകൾക്കും ജനകീയ ഹോട്ടലുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രീമിയം കഫേ സന്ദർശിച്ച മന്ത്രി വനിതാ സംരംഭകരെ പരിചയപ്പെടുകയും ചെയ്തു.
ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളോടെയാണ് പാലക്കാട് പ്രീമിയം കഫേയുടെ പ്രവർത്തനം. പൂർണമായും ശീതീകരിച്ച റസ്റ്റോറന്റിൽ ഒരേ സമയം 50 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. രാവിലെ ആറ് മുതൽ രാത്രി 11 മണി വരെയാണ് പ്രീമിയം കഫേയുടെ പ്രവർത്തന സമയം. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണവിതരണം, പാഴ്സൽ സർവീസ്, കാറ്റ്റിങ്ങ്, ഓൺലൈൻ സേവനങ്ങൾ, ശുചിത്വം, മികച്ച മാലിന്യസംസ്ക്കരണ ഉപാധികൾ എന്നിവയിലെല്ലാം മികച്ച ഗുണനിലവാരം പുലർത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ. വെജ്, നോൺ വെജ് വിഭവങ്ങളും വിവിധ തരം ജ്യൂസ്, ഷേക്ക് എന്നിവയും റസ്റ്റോറന്റിൽ ലഭിക്കും. പദ്ധതിക്കായി ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും പരിചയസമ്പന്നരായ നാലു വനിതകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഭക്ഷണ പാചകവും വിതരണവും മുതൽ ബില്ലിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവർ മുഖേനയാകും നിർവഹിക്കുക. ഇവർക്കാവശ്യമായ പിന്തുണകൾ നൽകാൻ കുടുംബശ്രീയുടെ തന്നെ യുവശ്രീ ഗ്രൂപ്പായ "ഐഫ്ര'വും ഉണ്ട്.
യാത്രക്കാർക്കുള്ള റസ്റ്റോറന്റ് ഏരിയയ്ക്കൊപ്പം പ്രാഥമിക സൗകര്യങ്ങൾക്കുള്ള സംവിധാനങ്ങൾ, വിശ്രമ മുറികൾ എന്നിവയും വിശ്രമകേന്ദ്രത്തിലുണ്ട്. പാർക്കിങ്ങ് സൗകര്യവുമുണ്ട്. പ്രീമീയം കഫേയ്ക്കൊപ്പം ഈ കേന്ദ്രത്തിന്റെ പൂർണമായ നടത്തിപ്പു ചുമതലയും കുടുംബശ്രീ സംരംഭകർ വഹിക്കും. ഇതിന്റെ വരുമാനവും സംരംഭകർക്ക് ലഭിക്കും.
എറണാകുളം അങ്കമാലിയിലാണ് പ്രീമിയം കഫേ ശൃംഖലയ്ക്ക് തുടക്കമിട്ടത്. തുടർന്ന് വയനാട് ജില്ലയിലെ മേപ്പാടിയിലും തൃശൂരിൽ ഗുരുവായൂരിലും പ്രീമിയം കഫേ ആരംഭിച്ചു. ഇവയ്ക്കെല്ലാം മികച്ച പൊതുജന സ്വീകാര്യത ലഭിച്ചിരുന്നു. തുടർന്ന് രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം (കുറവിലങ്ങാട്), കോഴിക്കോട്(കൊയിലാണ്ടി), കാസർകോട്(സിവിൽ സ്റ്റേഷൻ), മലപ്പുറം(കോട്ടയ്ക്കൽ), തിരുവനന്തപുരം(സെക്രട്ടേറിയറ്റിന് സമീപം), കണ്ണൂർ(ഇരിട്ടി), കൊല്ലം (ചവറ), പത്തനംതിട്ട(പന്തളം), ആലപ്പുഴ(കല്ലിശ്ശേരി) ജില്ലകളിലും പ്രീമിയം കഫേ റസ്റ്റോറന്റുകൾ ആരംഭിച്ചു. ഇനി ഇടുക്കി ജില്ലയിൽ മാത്രമാണ് തുടങ്ങാനുള്ളത്. ഇവിടെ പ്രീമിയം കഫേ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് പ്രീമിയം കഫേ റസ്റ്റോറന്റ് ശൃംഖലയ്ക്ക് തുടക്കമിട്ടത്. സംരംഭകർക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നിലവിൽ ഇരുനൂറിലേറെ വനിതകൾക്ക് മികച്ച തൊഴിലും വരുമാനവും ഉറപ്പു വരുത്താൻ പദ്ധതി വഴി സാധിക്കുന്നുണ്ട്.









0 comments