അതിജീവന പാതയിൽ കുടുംബശ്രീയുടെത് സമാനതകളില്ലാത്ത ഇടപെടൽ: മന്ത്രി എം ബി രാജേഷ്

കൽപ്പറ്റ : ദുരന്ത ബാധിതരായ ജനതയുടെ ജീവിതം പുനർനിർമിക്കാൻ സമാനതകളില്ലാത്ത ഇടപെടലാണ് സർക്കാരിന്റെ നേതൃത്വത്തിൽ കുടുംബശ്രീ നിറവേറ്റുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് എം ബി രാജേഷ്. മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നൽകുന്ന ഉപജീവന സംരംഭങ്ങളുടെ ധനസഹായം വിതരണം ചെയ്ത് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലൂടെ ദുരന്തബാധിതരെ അതിവേഗം തിരികെ പിടിക്കുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരിത ബാധിതരെ ഉപജീവന പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 357 കുടുംബങ്ങൾക്ക് 3.61 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് അനുവദിച്ചത്. ഫേസ് 1, ഫേസ് 2 എ, ഫേസ് 2 ബി വിഭാഗങ്ങളിലായി ഉപജീവനം (മൈക്രോ എന്റർപ്രൈസുകൾ) ആവശ്യപ്പെട്ട മുഴുവൻ ആളുകൾക്കും സഹായം വിതരണം ചെയ്യും. 234 കുടുംബങ്ങൾക്കാണ് ഉപജീവന ഫണ്ട് ലഭ്യമാക്കുന്നത്.
3.61 കോടി രൂപ സിഎംഡിആർഎഫ് ഫണ്ടും 1.65 കോടി രൂപ കുടുംബശ്രീ പ്രത്യാശ ഫണ്ടുൾപ്പടെ 5.20 കോടി രൂപയാണ് 435 ഗുണഭോക്തൃ കുടുംബങ്ങൾക്കായി കുടുംബശ്രീ വിതരണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കുടുംബശ്രീയും ജില്ലാഭരണകൂടവും ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മൈക്രോപ്ലാൻ രൂപീകരിച്ച് നടപ്പിലാക്കി. ദുരിതബാധിതരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സർക്കാർ, സർക്കാരിതര ഫണ്ടുകൾ ഉപയോഗിച്ച് പദ്ധതി ഫലപ്രദമായി പുരോഗമിക്കുകയാണ്.
കുടുംബശ്രീ പ്രത്യാശ പദ്ധതിയിൽ 95 പേർക്ക് 98 ലക്ഷം രൂപയും, സിക്ക് എം.ഇ പുനരുജ്ജീവന പദ്ധതിയിൽ 6 പേർക്ക് 6 ലക്ഷം രൂപയും അനുവദിച്ചു. പ്രവാസി ഭദ്രത പദ്ധതിയിൽ 21 പേർക്ക് 28 ലക്ഷം രൂപയും ആർകെഇഡിപി പദ്ധതിയിൽ 27 പേർക്ക് 3.3 ലക്ഷം രൂപയുടെ പലിശരഹിത വായ്പയായി നൽകി. മുണ്ടക്കൈയിലെ 27 പേർ ബെയിലി ബാഗ് നിർമ്മാണത്തിലൂടെയും 19 പേർ ബെയിലി കുട നിർമ്മാണത്തിലൂടെയും ഉപജീവനമാർഗം കണ്ടെത്തി. കുടുംബശ്രീയും ജില്ലാ ഭരണകൂടവും ചേർന്ന് വിദഗ്‌ധ പരിശീലനവും വിപണന സാധ്യതയും ഒരുക്കിയ സംരംഭങ്ങൾ ദുരന്തബാധിതർക്ക് സ്ഥിരവരുമാനവും ആത്മവിശ്വാസവും നൽകി. ബെയിലി ബ്രാൻഡ് മുണ്ടക്കൈയുടെ അതിജീവനത്തിന്റെ പ്രതീകമായി സർക്കാർ മേളകളിലും പ്രാദേശിക വിപണിയിലും ശക്തമായ സാന്നിധ്യമായി വളരുകയും ഓൺലൈൻ വിപണി സാധ്യതകൾക്കായും ഒരുങ്ങുകയാണ്.
മൈക്രോപ്ലാനിൽ തൊഴിലന്വേഷകരുടെ പുനരധിവാസം പ്രധാന ഘടകമായി ഉൾപ്പെടുത്തി. കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നു തൊഴിൽമേളകളും പ്രാദേശിക മേളകളും സംഘടിപ്പിച്ചു. 73 പേർ വൈദഗ്ധ്യ-നൈപുണി പരിശീലനം പൂർത്തിയാക്കി, 161 പേരുടെ പരിശീലനം പുരോഗമിക്കുന്നുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ 21 പേർക്ക് തൊഴിൽ ലഭ്യമാക്കി. ദുരന്തബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാഭരണകൂടവും കുടുംബശ്രീയും സംയുക്തമായി ദുരന്തബാധിത കുടുംബങ്ങളിൽ നിന്നുള്ള 16 പേരെ മെന്റർമാരായി നിയമിച്ചു. ഒരു വർഷത്തേക്ക് ഇവരുടെ സേവനങ്ങൾക്ക് കുടുംബശ്രീ മുഖേന 27 ലക്ഷം രൂപ ഇവരുടെ കുടുംബങ്ങളിലേക്ക് എത്തിച്ചു.
മൈക്രോപ്ലാനിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ മൃഗസംരക്ഷണ ആവശ്യങ്ങൾ അടിസ്ഥാനമാക്കി സമർപ്പിച്ച പ്രോപ്പോസൽ സർക്കാർ അംഗീകരിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് 90 ലക്ഷം രൂപ അനുവദിച്ചു. 74 അർഹമായ കുടുംബങ്ങൾക്ക് സഹായം എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ആരോഗ്യ ആവശ്യങ്ങൾ സൗജന്യമായി നിറവേറ്റാൻ ആരോഗ്യ വകുപ്പ് ഇടപെടൽ നടത്തുന്നു. 238 ദുരന്തബാധിത കുടുംബങ്ങൾക്ക് ഇതിനകം സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തു. 852 കുടുംബങ്ങൾക്ക് 6 മാസത്തോളം 1000 രൂപയുടെ ഭക്ഷണ കൂപ്പൺ ലഭ്യമാക്കി. ജില്ലാഭരണകുടം നൽകുന്ന കൂപ്പണുകൾ അർഹമായ കരങ്ങളിൽ എത്തിക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്. ദുരന്തബാധിത കുടുംബങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള ഇടപെടലുകളും മൈക്രോപ്ലാനിൻ്റെ അടിസ്ഥാനത്തിൽ നടത്തി. കെഎസ്ഡിഎംഎ 250 ലാപ്ടോപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഇതിനോടകം 235 കുട്ടികൾക്ക് ലാപ്ടോപ് ലഭ്യമാക്കി. 26 കുട്ടികളുടെ ട്യൂഷൻ ഫീസും 142 കുട്ടികൾക്ക് പഠനോപകരണങ്ങളും 200ലധികം കുട്ടികൾക്കായി യാത്രാസൗകര്യങ്ങളും ലഭ്യമാക്കി. മൈക്രോപ്ലാനിന് പുറമേ കുടുംബശ്രീ 42 അയൽകൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്, 3 വാർഡുകൾക്ക് വൾണറബിലിറ്റി റിഡക്ഷൻ ഫണ്ട്, 21 പേർക്ക് മൃഗസംരക്ഷണ പലിശരഹിത വായ്പ എന്നിവ നൽകി. കുടുംബങ്ങൾക്കാവശ്യമായ കൗൺസിലിങ് സപ്പോർട്ട് കുടുംബശ്രീ സ്നേഹിത മുഖേന നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.









0 comments