കുടുംബശ്രീ : സ്‌ത്രീ ശാക്തീകരണത്തിന്റെ കേരള ബ്രാൻഡ്


സ്വന്തം ലേഖകൻ
Published on May 12, 2025, 12:00 AM | 2 min read
തിരുവനന്തപുരം : ‘ആദ്യം 20 രൂപയായിരുന്നു വരുമാനം. ഇന്ന് ഒരുമാസം രണ്ടരലക്ഷം രൂപയുടെ വിറ്റുവരവുണ്ട്. എന്റെ വളർച്ചയിൽ തൊണ്ണൂറ്റിയെട്ടു ശതമാനവും കടപ്പെട്ടിരിക്കുന്നത് കുടുംബശ്രീയോടാണ്’– പള്ളിച്ചൽ സ്വദേശി ബിന്ദുവിന്റെ വാക്കുകൾ. തിരുവനന്തപുരം നേമം പള്ളിച്ചലിൽ ‘ആതിര ഹെർബൽസ്’ എന്ന ബിന്ദുവിന്റെ സംരംഭത്തിന് തണലായത് കുടുംബശ്രീ. സാമ്പത്തിക സഹായം വഴിയും വിവിധ പ്രദർശനമേളകളിലൂടെയും രാമച്ചം, കറ്റാർവാഴ, നീലയമരി, ബ്രഹ്മി എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് കുടുംബശ്രീ വിപണിയൊരുക്കി. 2022ൽ ആയുരാജ് ഇൻഡസ്‌ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചു. കഴിഞ്ഞവർഷം ഒരുലക്ഷം രൂപ പലിശരഹിത വായ്‌പ ലഭിച്ചതായി ബിന്ദു പറഞ്ഞു. കുടുംബശ്രീയുടെ ലക്ഷക്കണക്കിന് വിജയ മാതൃകകളിലൊന്നാണിത്.
ഒമ്പതുവർഷത്തിനിടെ കുടുംബശ്രീ വഴി സൂക്ഷ്‌മ സംരംഭ മേഖലയിൽ ആരംഭിച്ചത് 1,63,458 സംരംഭ യൂണിറ്റാണ്. ഇതുവഴി 3.23 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് തൊഴിലും വരുമാനവും ലഭ്യമാക്കി. സംസ്ഥാനമൊട്ടാകെ 10 പ്രീമിയം കഫേ റെസ്‌റ്റോറന്റുകൾ ആരംഭിച്ചു. കുടുംബശ്രീ വനിതകൾക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായി 1028 ജനകീയ ഹോട്ടൽ, 288 വനിതാ കെട്ടിട നിർമാണ യൂണിറ്റ്, 4,438 ഹരിതകർമസേന, 241 അമൃതം ന്യൂട്രിമിക്‌സ് യൂണിറ്റ് എന്നിവയും തുടങ്ങി. കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലുമായി സംഘടിപ്പിച്ച സരസ്‌മേളകൾ വഴി 126.35 കോടി രൂപയാണ് സംരംഭർക്ക് ലഭിച്ചത്. പ്രാദേശിക വിപണനമേളകൾ വഴി 185.88 കോടി രൂപയും ലഭിച്ചു.
48 ലക്ഷം അംഗങ്ങൾ
സംസ്ഥാനത്ത് ആകെ 3,17,724 അയൽക്കൂട്ടം പ്രവർത്തിക്കുന്നു. 48,08,737 അംഗങ്ങളുണ്ട്. ഒമ്പതുവർഷത്തിനിടെ പുതുതായി 98,023 അയൽക്കൂട്ടം രൂപീകരിച്ചു. 11.50 ലക്ഷം അംഗങ്ങളെ പുതുതായി ചേർത്തു. കൂടാതെ 48 ട്രാൻസ്ജെൻഡർ അയൽക്കൂട്ടങ്ങളും 3,352 പിഡബ്ല്യൂഡി അയൽക്കൂട്ടവും 25,992 വയോജന അയൽക്കൂട്ടവും രൂപീകരിച്ചു. 10,472 ഓക്‌സിലറി ഗ്രൂപ്പുകളും 94,594 കർഷകസംഘങ്ങളും പ്രവർത്തിക്കുന്നു. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കേരള ചിക്കൻ' പദ്ധതി വഴി 317 കോടി രൂപയുടെ വിറ്റുവരവ് നേടി. 2024–-25 സാമ്പത്തിക വർഷം 105.63 കോടിയുടെ വിറ്റുവരവാണ് ഉണ്ടായത്.
9369 കോടി നിക്ഷേപം
കുടുംബശ്രീ അയൽക്കൂട്ട വനിതകളുടേതായി വിവിധ ബാങ്കുകളിൽ 9,369 കോടി രൂപ നിക്ഷേപമുണ്ട്. കൂടാതെ 28,723.89 കോടിരൂപ ആന്തരിക വായ്‌പാ ഇനത്തിൽ അയൽക്കൂട്ട അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. 42 ലക്ഷം പേർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി.
സർക്കാർ വാർഷികം:
ആഘോഷ പരിപാടികൾ നാളെ മുതൽ
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാ, സംസ്ഥാന യോഗങ്ങൾ ചൊവ്വാഴ്‌ച പുനരാരംഭിക്കും. മാറ്റിവച്ച മലപ്പുറം ജില്ലാ യോഗം ഉൾപ്പെടെയുള്ളവയുടെ തീയതി പിന്നീട് അറിയിക്കും. ജില്ലായോഗം ചൊവ്വാഴ്‌ച കോഴിക്കോട്ടാണ്. ബുധനാഴ്‌ച തൃശൂരിലും 22ന് കൊല്ലത്തും 23ന് തിരുവനന്തപുരത്തും യോഗം നടക്കും.









0 comments