print edition ട്രെയിനിൽ ഭക്ഷണവിതരണത്തിന് കുടുംബശ്രീ അനുമതി തേടും

തിരുവനന്തപുരം
വന്ദേഭാരത് എക്സ്‌പ്രസിൽ ഉൾപ്പെടെ ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി റെയിൽവേ അധികൃതരെ സമീപിക്കാനൊരുങ്ങി കുടുംബശ്രീ അധികൃതർ. കേരളത്തിലോടുന്ന ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണം വിതരണം ചെയ്തുതുടങ്ങിയ സാഹചര്യത്തിൽ കുടുംബശ്രീക്ക് സാധ്യതകൾ ഏറെയാണ്.
മികച്ചനിലയിൽ ഭക്ഷണം വിതരണംചെയ്യുന്ന മൂവായിരത്തിലധികം കുടുംബശ്രീ സംരംഭങ്ങൾ ഉണ്ട്. ഭക്ഷണം ഉണ്ടാക്കി പായ്‌ക്ക് ചെയ്ത് വിതരണത്തിനെത്തിക്കുന്നതിന് രണ്ടായിരത്തിലധികംപേർ പരിശീലനം പൂർത്തിയാക്കി. അതിനാൽ, കാറ്ററിങ് സർവീസ് ലഭിച്ചാൽ ഭംഗിയായി നിർവഹിക്കാനാകുമെന്ന് കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ പറഞ്ഞു.
വന്ദേഭാരത് എക്‌സ്‌പ്രസിൽ മട്ടഅരി ചോറ്, ചിക്കൻകറി, തലശേരി ബിരിയാണി, മലബാര്‍ വെജ്/ചിക്കന്‍ ബിരിയാണി, തലശേരി വെജ് ബിരിയാണി, ആലപ്പി വെജ് കറി, മെഴുക്കുപുരട്ടി, വരുത്തരച്ച ചിക്കന്‍ കറി, കേരള ചിക്കന്‍ കറി, ചിക്കന്‍ റോസ്റ്റ്, നാടന്‍ കോഴിക്കറി, ഇടിയപ്പം, ഉപ്പുമാവ്, ഇഡ്ഡലി, അപ്പം, കടല/ ഗ്രീന്‍ പീസ് കറി, മുട്ടക്കറി, സ്‌ക്രാംബിള്‍ഡ് എഗ്‌സ്, വെജ് കട്‌ലറ്റ്, പരിപ്പുവട, ശര്‍ക്കരവരട്ടി, ഉണ്ണിയപ്പം, പക്കോഡ, ഉള്ളിവട,പഴംപൊരി എന്നിവയാണ് ഇതര കാറ്ററിങ് കന്പനികൾ വിതരണംചെയ്യുന്നത്.
ഇടുക്കി ഒഴികെയുള്ള ജില്ലകളിലായി 13 കുടുംബശ്രീ പ്രീമിയം കഫേകൾ പ്രവർത്തിക്കുന്നുണ്ട്. 964 ജനകീയ ഹോട്ടലുകളുമുണ്ട്. ഇതിന് പുറമെ 500 സംരംഭങ്ങൾ സൊമാറ്റോ, സ്വിഗി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾവഴി ഭക്ഷണം നൽകുന്നു. എറണാകുളത്തെ കുടുംബശ്രീ സംരംഭമായ സമൃദ്ധിക്ക് നാലു ട്രെയിനുകളിലെ ഭക്ഷണവിതരണ കരാര്‍ ലഭിച്ചിട്ടുണ്ട്. ജനശതാബ്ദി, പരശുറാം, ഇന്റര്‍സിറ്റി, വേണാട് ട്രെയിനുകളാണിത്. റെയില്‍വേയുടെ മദദ് ആപ്പുവഴി ഓർഡർ ചെയ്‌താൽ ഭക്ഷണം ട്രെയിനിൽ കൊണ്ടുവന്ന് നൽകാനാണ് അനുമതി.
തിരുവനന്തപുരം ഉൾപ്പെടെയുള്ള റെയിൽവേസ്‌റ്റേഷനുകളിൽ സ്‌റ്റാളിനുവേണ്ടി കുടുംബശ്രീ ശ്രമിച്ചിരുന്നു. എന്നാൽ ലേലത്തിന് അടിസ്ഥാനവില നിശ്‌ചയിച്ചത് വലിയ തുകയായി രുന്നു.









0 comments