ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു
കുടുംബശ്രീ കോളേജുകളിലേക്ക്

എ ഐ പ്രതീകാത്മകചിത്രം

റഷീദ് ആനപ്പുറം
Published on Sep 24, 2025, 12:41 PM | 2 min read
യുവതികളെ ശാക്തീകരിക്കാനായി കുടുംബശ്രീ കോളേജുകളിലേക്ക്. യുവതി കൂട്ടായ്‌മയായ ഓക്‌സിലറി ഗ്രൂപ്പുകളാണ് കോളേജുകളിൽ ആരംഭിക്കുന്നത്. കാൽനൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീയുടെ ചരിത്രത്തിൽ നിർണായക കാൽവെയ്‌പാണ് കോളേജുകളിൽ ആരംഭിക്കുന്ന ഓക്‌സിലറി ഗ്രൂപ്പുകൾ.
തിരുവനന്തപുരം: യുവതികളെ ശാക്തീകരിക്കാനായി കുടുംബശ്രീ കോളേജുകളിലേക്ക്. യുവതി കൂട്ടായ്‌മയായ ഓക്‌സിലറി ഗ്രൂപ്പുകളാണ് കോളേജുകളിൽ ആരംഭിക്കുന്നത്. 18നും 40നും ഇടയിൽ പ്രായമുള്ളവർക്കായാണ് ഓക്‌സിലറി ഗ്രൂപ്പുകൾ ആരംഭിച്ചത്. ആദ്യഘട്ടമായി ഒരു ജില്ലയിൽ ഒരു കോളേജിലാണ് ഇൗ ഗ്രൂപ്പ് ആരംഭിക്കുന്നത്. ഇതിനായി 14 കോളേജുകളുടെ പട്ടിക ഉന്നത വിദ്യാഭ്യാസ ഡയറക്ടർ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് കൈമാറി. കാൽനൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീയുടെ ചരിത്രത്തിൽ നിർണായക കാൽവെയ്‌പാണ് കോളേജുകളിൽ ആരംഭിക്കുന്ന ഓക്‌സിലറി ഗ്രൂപ്പുകൾ. ആദ്യഘട്ടം വിജയമായാൽ എല്ലാ കോളേജുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
നിലവിൽ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്കു മാത്രമേ കുടുംബശ്രീ അയൽകൂട്ടം അംഗമാകാന്‍ സാധിക്കൂ. ഇതേ തുടർന്നാണ് യുവതികളെ കുടുംബശ്രീയുടെ ഭാഗമാക്കാൻ രണ്ട് വർഷം മുമ്പ് ഓക്‌സിലറി ഗ്രൂപ്പുകൾ ആരംഭിച്ചത്. 18 മുതൽ 40 വയസ്സുവരെയുള്ള പത്തു മുതൽ 20 വരെയുള്ള യുവതികൾ ഉൾപ്പെട്ടതാണ് ഒരു ഗ്രൂപ്പ്. കരിയർ ഗൈഡൻസ്, കൗൺസിലിങ്, സർഗാത്മ പ്രവർത്തനം തുടങ്ങി വിപുലമായ പദ്ധതികളാണ് ഓക്‌സിലറി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 19472 ഓക്‌സിലറി ഗ്രൂപ്പുണ്ട്. കോളേജുകളിൽ ഇൗ ഗ്രൂപ്പുകൾക്ക് വലിയ സാധ്യതയാണുള്ളത്.
കോളേജുകളിൽ വിദ്യാർഥിനികൾക്കിടയിൽ ഓക്‌സിലറി ഗ്രൂപ്പ് സംബന്ധിച്ച അവബോധം സൃഷ്‌ടിക്കലാണ് ആദ്യ ഘട്ടം. തുടർന്നാകും ഗ്രൂപ്പുകൾ ആരംഭിക്കുക. 20 പേരടങ്ങിയ ഒന്നിലേറ ഗ്രൂപ്പുകൾ ഓരോ കോളേജിലുമുണ്ടാകും. കോളേജ് ഗ്രൂപ്പ് അംഗത്വത്തിന് പുറമെ നാട്ടിലെ ഓക്‌സിലറി ഗ്രൂപ്പിലും അംഗത്വം ലഭിക്കും. ഇരട്ട അംഗത്വമുള്ളതിനാൽ കോളേജ് പഠനത്തിന് ശേഷം നാട്ടിലെ ഓക്‌സിലറി ഗ്രൂപ്പിൽ തുടരാനുമാകും. ഇവരുടെ അറിവിനെ നാട്ടിലെ അയൽകൂട്ടങ്ങൾക്ക് ഉപയോപ്പെടുത്താനുമാകും.
ആദ്യഘട്ടം ഓക്‌സിലറി ഗ്രൂപ്പ് രൂപീകരിക്കുന്ന കോളേജ്
1. ഗവ. വനിതാ കോളേജ്– തിരുവനന്തപുരം
2. എസ് എൻ വനിതാ കോളേജ്– കൊല്ലം
3. കാതോലിക്കറ്റ് കോളേജ്–പത്തനംതിട്ട
4. സനാതന ധർമ കോളേജ്–ആലപ്പുഴ
5.ഗവ. കോളേജ് –കോട്ടയം
6. ഗവ. കോളേജ് ,കട്ടപ്പന–ഇടുക്കി
7. മഹാരാജാസ് കോളേജ്– എറണാകുളം
8. വിമല കോളേജ്–തൃശൂർ
9. മേഴ്‌സി കോളേജ്–പാലക്കാട്
10. പിഎസ്‌എംഒ കോളേജ്, തിരൂരങ്ങാടി–മലപ്പുറം
11. ഗവ. ആർട്‌സ് ആന്‍ഡ് സയൻസ് കോളേജ്– കോഴിക്കോട്
12. ഗവ. കോളേജ്, മാനന്തവാടി–വയനാട്
13. ഗവ.ബ്രണ്ണൻ കോളേജ്, ധർമടം– കണ്ണൂർ
14. സെന്റ് പയസ് ടെൻത് കോളേജ്,രാജപുരം– കാസർകോട്









0 comments