പൂരന​ഗരിയെ വർണാഭമാക്കി കുടമാറ്റം

kudamattom
വെബ് ഡെസ്ക്

Published on May 06, 2025, 08:20 PM | 1 min read

തൃശൂർ : തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റം തേക്കിന്‍കാട് മൈതാനിയെ വർണാഭമാക്കി. അഞ്ചരയോടെ തെക്കേ ഗോപുരനടയിലാണ് കുടമാറ്റം ആരംഭിച്ചത്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറക്കത്തിനുശേഷം അഭിമുഖമായി നിന്നുകൊണ്ടാണ് കുടമാറ്റമാരംഭിച്ചത്. ​ഇരുവിഭാ​ഗങ്ങളുടെയും ​ഗജവീരന്മാരുടെ പുറത്ത് വ്യത്യസ്തങ്ങളായ കുടകൾ വിരിഞ്ഞു. വാദ്യമേളങ്ങളുടെ അകമ്പടിയും വെഞ്ചാമരവും ആലവട്ടവും നിറങ്ങളിൽ മുങ്ങിയ കുടകളും കൂടിയായപ്പോൾ പൂരപ്രേമികൾ ആർപ്പു വിളിച്ചു. മണിക്കൂറുകളോളം നീണ്ടു നിന്ന കുടമാറ്റത്തിൽ ഇരുവിഭാ​ഗങ്ങളും മത്സരിച്ച് കുട നിവർത്തി.


കണിമംഗലം ശാസ്താവ് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയതോടെയാണ് പൂരം തുടക്കം കുറിച്ചത്. മറ്റ് ഘടകദൈവങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തി. മഠത്തിലെ പൂജകള്‍ക്കുശേഷം പുറത്തിറങ്ങിയ തിരുവമ്പാടി ഭഗവതിക്കുമുന്നില്‍ മഠത്തില്‍വരവ് പഞ്ചവാദ്യം കൊട്ടിക്കയറി. ഉച്ചയോടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. ഇതിനുപിന്നാലെ ഇലഞ്ഞിത്തറമേളം നടന്നു. വൈകുന്നേരം അഞ്ചരയോടെയാണ് തേക്കിന്‍കാട് മൈതാനിയില്‍ കുടമാറ്റം തുടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Home