മിഥുന്റെ കുടുംബത്തിന് കെഎസ്‌ടിഎ 10 ലക്ഷം സഹായം നൽകും

തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ വിദ്യാർഥിയായ മിഥുന്റെ കുടുംബത്തിന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്ടിഎ) 10 ലക്ഷം രൂപ ധനസഹായം നൽകും. മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ്, ജനറൽ സെക്രട്ടറി ടി കെ എ ഷാഫി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വ്യാഴം രാവിലെ എട്ടരയ്‌ക്കാണ് അപകടമുണ്ടായത്. കൂട്ടുകാരുമൊത്ത് ക്ലാസിനുള്ളിൽ ചെരുപ്പ് എറിഞ്ഞ് കളിക്കുന്നതിനിടെ ഷെഡിന് മുകളിലേക്ക് ചെരുപ്പ് വീണു. ഇതെടുക്കാൻ ക്ലാസിൽ നിന്നും വലിച്ചിട്ട ഡസ്‌കിലൂടെ തടികൊണ്ടുള്ള സ്‌ക്രീൻ മറികടന്ന് ഭിത്തി വഴി തകരഷെഡിന് മുകളിലേക്ക് കയറി. മഴ നനഞ്ഞ് കുതിർന്ന് കിടന്ന ഷീറ്റിൽനിന്ന് ചെരുപ്പ് എടുക്കവെ തെന്നി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റുള്ളവരും ചേർന്ന് - കുട്ടിയെ താഴെ എത്തിച്ച് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈദ്യുതി ലൈനിൽ കമഴ്ന്നു കിടക്കുന്ന നിലയിലാണ് സ്കൂൾ അധികൃതർ മിഥുനെ കണ്ടത്.40 വർഷമായി ഇവിടെ വൈദ്യുതി ലൈനുണ്ടെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. സ്‌കുളിന് സമീപത്തെ കോവൂർ കോളനിയിലേക്കാണ് വൈദ്യതി ലൈൻ പോകുന്നത്. ഇലക്‌ട്രിക്കൽ ഇൻസ്‌പക്‌ടർ നടത്തിയ പ്രാഥമിക പരിശോധനയിൽ വൈദ്യുതി ലൈനും കെട്ടിടവും തമ്മിലുള്ള അകലം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ധനമന്ത്രി കെഎൻ ബാലഗോപാലും മ്യതദേഹം പോസ്‌റ്റ്‌മാർട്ടം നടത്തിയ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. മിഥുന്റെ അച്ചൻ മനു നിർമാണതൊഴിലാളിലും അമ്മ സുജ കുവൈറ്റിൽ വീട്ടുജോലിക്കാരിയുമാണ്. സഹോദരൻ സുജിൻ പട്ടകടവ് സെന്റ് ആൻഡ്രൂസ് യുപി സ്‌കൂൾ വിദ്യാർത്ഥി.









0 comments