കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ; വയോധികയ്‌ക്ക് പുതുജീവൻ

മരട്(കൊച്ചി) > കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ 60കാരിക്ക് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചു. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ വൈറ്റില ഹബ്ബിൽ നിന്നും കയറിയ കൊല്ലം നീണ്ടകര സ്വദേശി ത്രേസ്യാമ്മയാണ് ബസ് കുണ്ടന്നൂരിലെത്തിയപ്പോൾ കുഴഞ്ഞ് വീണ് ബോധരഹിതയായത്. ഇവരുടെ സമീപത്തിരുന്ന യാത്രക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് ബസ് ഡ്രൈവർ ലിതിൻ, കണ്ടക്ടർ ലെനിൻ ശ്രീനിവാസൻ എന്നിവർ ഉടൻ തന്നെ ബസ് സമീപത്തുള്ള വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെക്ക് തിരിച്ചു.
ഉച്ചയ്ക്ക് 12.30 ഓടെ ആണ് രോഗിയെയും മറ്റ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ബസ് ആശുപത്രിയിലെത്തിയത്. ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ത്രേസ്യാമ്മയ്‌ക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യസഹായം നൽകി. സമയം വൈകിപ്പിക്കാതെയുള്ള ചികിത്സയാണ് വയോധികയുടെ ജീവൻ രക്ഷിച്ചത്.
രോഗിയുടെ ആരോഗ്യനിലയറിയാൻ 30 മിനിറ്റോളം ആശുപത്രിയിൽ കാത്തുനിന്നതിന് ശേഷമാണ് ബസ് തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര തുടർന്നത്. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഡ്രൈവറും കണ്ടക്ടറും സന്തോഷം പ്രകടിപ്പിച്ചു. ബസിന്റെ ഡാഷ് ക്യാമിലെ ദൃശ്യങ്ങൾ, ആശുപത്രിയിലെ സിസി ടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ എന്നിവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലുമായി.









0 comments