print edition ടിക്കറ്റ് നിരക്ക് കുറയ്‌ക്കാനൊരുങ്ങി കെഎസ്‌ആർടിസി ; അന്തർസംസ്ഥാന റൂട്ടിൽ സ്വകാര്യ ബസുകളോട് മത്സരിക്കും

സുനീഷ് ജോ
Published on Nov 17, 2025, 01:21 AM | 1 min read
തിരുവനന്തപുരം
സ്വകാര്യ ലക്ഷ്വറി ബസുകളോട് ടിക്കറ്റ് നിരക്കിൽ മത്സരിക്കാനൊരുങ്ങി കെഎസ്‌ആർടിസി. അന്തർസംസ്ഥാന റൂട്ടുകളിൽ ‘ഡൈനാമിക് പ്രൈസിങ്’ഏർപ്പെടുത്താൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഇതുപ്രകാരം 50 ശതമാനം ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ നൽകും. തുടർന്നുളള 40 ശതമാനത്തിന് നിലവിലുള്ള നിരക്കാകും. ബാക്കിവരുന്ന പത്തുശതമാനം ടിക്കറ്റുകൾ ആവശ്യക്കാർ കൂടുന്നതനുസരിച്ച് നിരക്ക് കൂട്ടി വിൽക്കും.
ബംഗളൂരു, ചെന്നൈ, മൈസൂരു, കോയന്പത്തൂർ, മംഗളൂരു, മണിപ്പാൽ എന്നിവിടങ്ങളിലേക്കുള്ള പ്രീമിയം സർവീസുകൾക്കാണ് ഇത് ബാധകമാക്കുക. വെള്ളിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ പല സർവീസുകൾക്കും വേണ്ടത്ര യാത്രക്കാരില്ല. സ്വകാര്യ ബസുകൾ ഇൗ ഘട്ടങ്ങളിൽ നിരക്ക് കുറയ്‌ക്കും. ആവശ്യക്കാർ ഏറിയാൽ നിരക്ക് ഇരട്ടിയോ, രണ്ടിരട്ടിയോ ആക്കുകയും ചെയ്യും. എറണാകുളം–ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് ആരംഭിച്ചതിനെതുടർന്ന് മധ്യകേരളത്തിൽനിന്ന് ഇൗ റൂട്ടിലേക്കുള്ള ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
വരുന്നൂ ബസ് ഓൺ ഡിമാൻഡ്
ഫാസ്‌റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള സർവീസുകളിൽ ബസ് ഓൺ ഡിമാൻഡ് ഏർപ്പെടുത്താൻ ആലോചനയുമായി കെഎസ്‌ആർടിസി. ഇതനുസരിച്ച് സ്‌റ്റോപ്പ് നിശ്‌ചയിട്ടില്ലാത്ത ഇടങ്ങളിലും യാത്രക്കാർക്ക് ഇറങ്ങാം. അതിന് പ്രത്യേക തുക ഇൗടാക്കും. ബസിന്റെ ക്ലാസ് മാറുന്നതിനനുസരിച്ച് തുകയിലും മാറ്റംവരും. ഡീലക്‌സ്, സൂപ്പർഫാസ്‌റ്റ് ബസുകൾക്ക് പകൽ സമയം ഇൗ സേവനം ലഭിക്കുന്നത് യാത്രക്കാർക്ക് ഗുണമാകും.








0 comments