യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കും
ഓണക്കാലത്ത് തിരക്ക് ; 44 അധിക സർവീസുമായി കെഎസ്‌ആർടിസി

തിരുവനന്തപുരം
ഓണക്കാലത്ത് യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ട് കെഎസ്‌ആർടിസിയുടെ അധിക സർവീസുകൾ. 29 മുതൽ സെപ്‌തംബർ 15വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവീസുകൾ ഏർെപ്പെടുത്തും.
ആദ്യഘട്ടം 44 സർവീസുണ്ടാകും. 20 സർവീസും ബംഗളൂരുവിൽനിന്നാണ്. ബംഗളൂരു –- കോഴിക്കോട് സർവീസ് രാത്രി 7.15, 8.15, 9.15, 11.15 എന്നിങ്ങനെയാണ്. രാത്രി 8.45ന് മലപ്പുറത്തേക്കും രാത്രി 7.15 ന് തൃശൂരിലേക്കും (സേലം, കോയമ്പത്തൂർ വഴി) സർവീസുണ്ടാകും. എറണാകുളത്തേക്ക് വൈകിട്ട് 6.30നും രാത്രി 7.30 നും സർവീസുണ്ടാകും. സൂപ്പർ ഡീലക്സ് ബസാണിവ.
വൈകിട്ട് അഞ്ചിന് അടൂർ, 5.30നും 6.20നും കൊല്ലം, ആറിന് പുനലൂർ, രാത്രി 7.10ന് ചേർത്തല, കോട്ടയം, 7.30ന് ഹരിപ്പാട്, തിരുവനന്തപുരം (നാഗർകോവിൽ വഴി), 8.30ന് കണ്ണൂർ (ഇരിട്ടി വഴി), 9.40ന് കാഞ്ഞങ്ങാട്, 9.45ന് കണ്ണൂർ, 10ന് പയ്യന്നൂർ സർവീസുകൾ നടത്തും.
ചെന്നൈയിൽനിന്ന് രാത്രി 7.30 ന് എറണാകുളത്തേക്കും 6.30ന് തിരുവനന്തപുരത്തേക്കും സർവീസുണ്ടാകും. നാഗർകോവിൽ വഴിയായിരിക്കും.
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കും. ടിക്കറ്റുകൾ www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ENTE KSRTC Neo–-oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാം.
സ്പെഷ്യൽ ട്രെയിൻ 3 ജോഡി മാത്രം
ഓണക്കാലത്ത് റെയിൽവേ അനുവദിച്ചത് മൂന്ന് ജോഡി സ്‌പെഷ്യൽ എക്‌സ്‌പ്രസ് സർവീസുകളാണ്. ഇതിൽ ചെന്നൈ, ബംഗളൂരു എക്‌സ്‌പ്രസുകൾ പൂർണമായും എസി കോച്ചുകളാണ്. മറ്റ് പ്രതിദിന ട്രെയിനുകളിലും മറ്റുള്ളവയിലും ടിക്കറ്റ് കിട്ടാനില്ല.
● എസ്‌എംവിടി ബംഗളൂരു–-തിരുവനന്തപുരം നോർത്ത് പ്രതിവാര എസി എക്‌സ്‌പ്രസ്(06523) രാത്രി 7.25 ന് ബംഗുളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് പകൽ 1.15ന് തിരുവനന്തപുരം നോർത്തിൽ എത്തും. 11 മുതൽ സെപ്‌തംബർ 15 വരെ തിങ്കളാഴ്‌ചകളിലാണ് സർവീസ്.
●തിരുവനന്തപുരം നോർത്ത്–എസ്‌എംവിടി ബംഗളൂരു പ്രതിവാര എസി സ്പെഷൽ എക്‌സ്‌പ്രസ്(06524) പകൽ 3.15 ന് പുറപ്പെട്ട് എസ്‌എംവിടി ബംഗളൂരുവിൽ പിറ്റേന്ന് രാവിലെ 8.30 ന് എത്തും. 12 മുതൽ സെപ്‌തംബർ 16 വരെയുള്ള ചൊവ്വാഴ്‌ചകളിലാണ് സർവീസ്.
●ചെന്നൈ സെൻട്രൽ–- കൊല്ലം പ്രതിവാര എസി സ്‌പെഷൽ (06119) 27, സെപ്‌തംബർ 3, 10 തീയതികളിൽ സർവീസ് നടത്തും. പകൽ 3.10ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.40ന് കൊല്ലത്ത് എത്തും.
●കൊല്ലം–- ചെന്നൈ സെൻട്രൽ പ്രതിവാര എ സി സ്‌പെഷൽ (06120) 28, സെപ്‌തംബർ 4, 11 തീയതികളിൽ സർവീസ് നടത്തും. കൊല്ലത്തുനിന്ന് പകൽ 10.40ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിൽ എത്തും.
●മംഗളൂരു ജങ്‌ഷൻ– -തിരുവനന്തപുരം നോർത്ത് റൂട്ടിൽ ദ്വൈവാര സ്‌പെഷലും അനുവദിച്ചു. മംഗളൂരു ജങ്‌ഷൻ–- തിരുവനന്തപുരം ദ്വൈവാര സ്‌പെഷൽ (06041) 21 മുതൽ സെപ്‌തംബർ 13 വരെയുള്ള വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് നടത്തും. രാത്രി 7.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ എട്ടിന് തിരുവനന്തപുരം നോർത്തിൽ എത്തും.
●തിരുവനന്തപുരം നോർത്ത്–- മംഗളൂരു ജങ്‌ഷൻ ദ്വൈവാര സ്‌പെഷൽ എക്‌സ്‌പ്രസ് (06042) 22 മുതൽ സെപ്‌തംബർ 14 വരെയുള്ള വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും. വൈകിട്ട് 5.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30ന് മംഗളൂരു ജങ്‌ഷനിൽ എത്തും.
കൂടുതൽ സ്‌പെഷ്യൽ ട്രെയിൻ വേണം
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടൂതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഡൽഹി, ചെന്നൈ, ബംഗളൂരു, മംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിൽ നിന്നും ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ വേണമെന്നും ആവശ്യപ്പെട്ടു. റെയിൽവേ നാമമാത്രമായ സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചത്.









0 comments