ശുചിത്വത്തിൽ തിളങ്ങി കെഎസ്‌ആർടിസി


ഫെബിൻ ജോഷി
Published on May 23, 2025, 01:14 AM | 1 min read
ആലപ്പുഴ
മാലിന്യമുക്തകാമ്പയിൻ തിളക്കത്തിൽ കെഎസ്‌ആർടിസി. സംസ്ഥാനത്ത് 72 ഡിപ്പോയും മൂന്ന് റീജണൽ വർക്ക്‌ഷോപ്പുമടക്കം 75 കെഎസ്‌ആർടിസി സ്ഥാപനങ്ങൾക്ക് ഹരിതകേരളം മിഷന്റെ ഹരിതസ്ഥാപന സർട്ടിഫിക്കറ്റ്. എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ച മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ഏറ്റെടുത്ത് മാസങ്ങളോളം നടത്തിയ പ്രവർത്തനങ്ങളാണ് കെഎസ്ആർടിസിയെ നേട്ടത്തിലെത്തിച്ചത്. മറ്റ് 21 ഡിപ്പോയിലും രണ്ട് റീജണൽ വർക്ക്‌ഷോപ്പിലും ശുചിത്വ നടപടി പുരോഗമിക്കുന്നു.
ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളിൽ കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹരിത സർട്ടിഫിക്കറ്റ് നൽകിയത്. തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരം ഉൾപ്പെടെ മുഴുവൻ കെഎസ്‌ആർടിസി സ്ഥാപനങ്ങളും ഹരിതസ്ഥാപനങ്ങളായി. 72 ഡിപ്പോയിൽ 10 എണ്ണം എ പ്ലസ് ഗ്രേഡ് നേടി. ആറ്റിങ്ങൽ, പാലക്കാട്, അങ്കമാലി, കായംകുളം, കാസർകോട്, വിഴിഞ്ഞം, പിറവം, അടൂർ, കുളത്തൂപ്പുഴ, പൊൻകുന്നം ഡിപ്പോകളാണ് എ പ്ലസ് ഗ്രേഡ് നേടിയത്. ആലുവ, മാവേലിക്കര, കോഴിക്കോട് റീജണൽ വർക്ക്‌ഷോപ്പുകൾ എ ഗ്രേഡ് നേടി.
തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ മാലിന്യമുക്ത നവകേരളം കാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ സർക്കാർ സ്ഥാപനമായി കെഎസ്ആർടിസിയെ തെരഞ്ഞെടുത്തു. ഹൗസ്‌കീപ്പിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡിപ്പോകളിലും വർക്ക്‌ഷോപ്പുകളിലും നടത്തിയ ‘ഇനി യാത്ര ശുചിത്വ പാതയിലൂടെ’ മെഗാ ക്ലീനിങ് ഡ്രൈവും കരുത്തായി. കൂടുതൽ യാത്രക്കാരെത്തുന്ന 31 ഡിപ്പോയും തെരഞ്ഞെടുത്ത വർക്ക്‌ഷോപ്പുകളുമാണ് സംസ്ഥാന കോ–-ഓർഡിനേറ്റർ ശശികല ഗജ്ജറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നുള്ള 10 അംഗ പ്രത്യേകസംഘമെത്തി ജീവനക്കാരുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുക, ശുചിത്വത്തിൽ പരാതിരഹിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ എല്ലാ യൂണിറ്റുകളിലും ആരംഭിച്ച മഴക്കാലപൂർവ ശുചീകരണത്തിൽ ബസുകളുടെ തീവ്രശുചീകരണം പുരോഗമിക്കുകയാണ്.









0 comments