പഞ്ചായത്ത് സേവനങ്ങളും ഇനി ഓൺലൈനിൽ ; ലഭിക്കുക 900ത്തിലധികം സേവനങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ സേവനം ഓഫീസിൽ പോകാതെതന്നെ ഇനി വിരൽത്തുമ്പിൽ. വിവാഹസർട്ടിഫിക്കറ്റും കെട്ടിടനിർമാണ പെർമിറ്റുമടക്കം 900ത്തിലേറെ സേവനങ്ങൾ ഇനി ജനങ്ങൾക്ക് ഓൺലൈനിലൂടെ ലഭിക്കും. ഈ സേവനങ്ങൾക്കായി മുൻസിപ്പാലിറ്റിയിലും കോർപറേഷനിലും മാത്രം ഉണ്ടായിരുന്ന കെ സ്‌മാർട്ട് സംവിധാനം മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചു.
സംവിധാനം വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. ഇനി ലോകത്തെവിടെയിരുന്നും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും അപേക്ഷകളുടെ നിജസ്ഥിതി അറിയാനുമാകും. 941 ഗ്രാമ പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കുമാണ് കെ- സ്മാർട്ട് സേവനം വ്യാപിപ്പിച്ചത്.
ജനജീവിതത്തിൽ വിപ്ലവകരമായ മാറ്റമാണ് കെ -സ്‌മാർട്ട് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സേവനം ലഭ്യമാക്കിയതിലൂടെ കോർപ്പറേഷൻ നികുതിവരുമാനം 37ൽനിന്ന് 56 ശതമാനമായും മുനിസിപ്പാലിറ്റികളുടേത് 56ൽനിന്ന് 63 ശതമാനമായും വർധിച്ചു. ഡാറ്റാ കൃത്യമാക്കിയതിലൂടെ നഗരസഭകളിൽ 394 കോടിരൂപയുടെ അധികവരുമാനം നേടാനായതായും മന്ത്രി പറഞ്ഞു.
ഉദയാ പാലസ് കൺവെൻഷൻ സെന്ററിൽനടന്ന ചടങ്ങിൽ കെട്ടിട നിർമാണ പെർമിറ്റ് നൽകലിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടിയും കെ- സ്‌മാർട്ട് സ്‌കൂൾ ഓഫ് ടെക്‌നോളജിയുടെയും വീഡിയോ കെവൈസി വഴി വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതിന്റെയും ഉദ്ഘാടനം മന്ത്രി ജി ആർ അനിലും നിർവഹിച്ചു. ഐകെഎം ജീവനക്കാർക്കുളള ആരോഗ്യ ഇൻഷുറൻസ് പദ്ധതി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പ്രഖ്യാപിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനകം കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമായി 33 ലക്ഷത്തിലധികം ഫയൽ കൈകാര്യം ചെയ്‌തു. 25 ലക്ഷത്തിലധികം ഫയൽ തീർപ്പാക്കി.









0 comments