കെ സ്‌മാർട്ട്‌ ഇനി എല്ലാ 
തദ്ദേശസ്ഥാപനങ്ങളിലും ; ഉദ്‌ഘാടനം 10ന്‌

ksmart kerala
വെബ് ഡെസ്ക്

Published on Apr 08, 2025, 01:45 AM | 2 min read


കൊച്ചി : തദ്ദേശഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈനിലൂടെ നൽകുന്ന കെ സ്‌മാർട്ട്‌ സംവിധാനം വ്യാഴംമുതൽ സംസ്ഥാനത്താകെ സജ്ജമാകും. നേരത്തേ 87 മുനിസിപ്പാലിറ്റിയിലും ആറ്‌ കോർപറേഷനിലും ലഭിച്ചിരുന്ന സംവിധാനമാണ്‌ വ്യാഴംമുതൽ 941 പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക്‌, 14 ജില്ലാപഞ്ചായത്ത്‌ എന്നിവയിലേക്കുംകൂടി വ്യാപിപ്പിച്ചത്‌.


വ്യാഴം രാവിലെ 10.30ന്‌ തിരുവനന്തപുരം ഉദയ പാലസ്‌ കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2024 ജനുവരിമുതൽ 2025 മാർച്ച്‌ 31 വരെ കെ സ്‌മാർട്ടിലൂടെ 35.65 ലക്ഷം ഫയലുകൾ കൈകാര്യം ചെയ്‌തു. 26.98 ലക്ഷം തീർപ്പാക്കി. ഇക്കാലളവിൽ രജിസ്‌റ്റർ ചെയ്‌ത 63,001 വിവാഹങ്ങളിൽ 21,344 കെ സ്‌മാർട്ടിലൂടെയായിരുന്നു. 300 ചതുരശ്ര മീറ്റർവരെയുള്ള ബിൽഡിങ്‌ പെർമിറ്റുകൾ കെ സ്‌മാർട്ടിൽ അപേക്ഷിച്ചാൽ ഒമ്പത്‌ സെക്കൻഡിനുള്ളിൽ പെർമിറ്റ്‌ ലഭിക്കും. 28,393 പെർമിറ്റ്‌ വിതരണം ചെയ്‌തു.


എന്തൊരു വേഗം

കെ സ്‌മാർട്ടിലൂടെ ഏറ്റവും വേഗം വിവാഹ സർട്ടിഫിക്കറ്റ്‌ നൽകിയതിന്റെ റെക്കോഡ്‌ ഗുരുവായൂർ മുനിസിപ്പാലിറ്റിക്ക്‌. 23 മിനിട്ട്‌ 56 സെക്കൻഡിൽ സർട്ടിഫിക്കറ്റ്‌ നൽകി. മരണസർട്ടിഫിക്കറ്റ്‌ ഏറ്റവും വേഗം നൽകിയത്‌ തിരുവനന്തപുരം കോർപറേഷനാണ്‌,- 8.54 മിനിറ്റ്‌. ജനനസർട്ടിഫിക്കറ്റ്‌ വേഗം നൽകിയത് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, 6.45 മിനിറ്റ്‌.

ഫയൽ തീർപ്പാക്കലും വേഗത്തിലായി. കെ സ്‌മാർട്ടിൽ 4.43 ലക്ഷം ഫയലുകൾ തീർപ്പാക്കിയത്‌ ഒരുമണിക്കൂറിനുള്ളിലാണ്‌. 9.7 ലക്ഷം ഫയൽ തീർപ്പാക്കിയത്‌ 24 മണിക്കൂറിനുള്ളിലും.


1.63 ലക്ഷം ഫയലുകൾ അവധിദിനത്തിലാണ്‌ തീർപ്പാക്കിയത്‌. 3.5 ലക്ഷം ഫയലുകൾ പ്രവൃത്തിസമയത്തിനുശേഷവും.


നികുതിപിരിവിൽ കുതിപ്പ്‌

കെ സ്‌മാർട്ട്‌ വഴി നികുതിപിരിവിൽ കുതിച്ച്‌ മുനിസിപ്പാലിറ്റികളും കോർപറേഷനും. മുനിസിപ്പാലിറ്റികളിൽ 2022–-23ൽ 39.28 ശതമാനമായിരുന്നു നികുതിപിരിവ്‌. 2024–-25ൽ 64.37 ശതമാനമായി. 318.32 കോടിയിൽനിന്ന്‌ 603.96 കോടിയായി. കോർപറേഷനുകളിൽ 2022–-23ൽ 22.35 ശതമാനമായിരുന്നത്‌ 56.2 ശതമാനമായി. നികുതിപിരിവ്‌ 305.03 കോടിയായിരുന്നത്‌ 618.42 കോടിയായി.


കെട്ടിടങ്ങളുടെ രേഖ കൃത്യമാക്കി. നികുതിപരിധിയിൽ ഉൾപ്പെടാതിരുന്ന 1,43,101 കെട്ടിടങ്ങൾ കണ്ടെത്തി കുടിശ്ശിക ഉൾപ്പെടെ 393.94 കോടി നികുതി ചുമത്തി. ഇതിൽ 108.92 കോടി മാർച്ച്‌ 15നകം പിരിഞ്ഞുകിട്ടി. പുതിയ കെട്ടിടങ്ങൾ കണ്ടെത്തിയതിലൂടെ 41.48 കോടി രൂപ നഗരസഭകൾക്ക്‌ അധികമായി ലഭിക്കും. കൊച്ചി കോർപറേഷനിലാണ്‌ ഏറ്റവുമധികം കെട്ടിടങ്ങൾ കണ്ടെത്തി നികുതി ചുമത്തിയത്‌,- 27,578 കെട്ടിടങ്ങൾ. കുടിശ്ശിക ഉൾപ്പെടെ 150.28 കോടി രൂപ നികുതി ചുമത്തി.



deshabhimani section

Related News

View More
0 comments
Sort by

Home