തൊഴിലുറപ്പ് പദ്ധതി തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കുന്ന കേന്ദ്രനിലപാട് തിരുത്തണം: കെഎസ്കെടിയു

ksktu
വെബ് ഡെസ്ക്

Published on Mar 16, 2025, 04:24 PM | 1 min read

തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിനുള്ള തൊഴിൽ ദിനങ്ങളും സംസ്ഥാനത്തിനുള്ള വിഹിതവും വെട്ടിക്കുറക്കുന്ന നടപടി തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.


കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് 11കോടി തൊഴിൽ ദിനങ്ങൾ കേരളത്തിന് വേണമെന്ന കേരളത്തിന്റെ ആവശ്യത്തെ നിഷ്കരുണം തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ വെറും അഞ്ചു കോടി തൊഴിൽ ദിനങ്ങളാണ് കേരളത്തിന് നൽകിയത്. തൊഴിലുറപ്പ് പദ്ധതിയിലൂടെയും കേരളം ആശ്വാസം കണ്ടെത്താൻ പാടില്ലെന്ന കേരള വിരുദ്ധ നിലപാടാണ് കേന്ദ്രത്തിനുള്ളതെന്ന് ഈ നടപടികളിൽ നിന്നും മനസ്സിലാക്കാനാവും.


2023-24ൽ 10 കോടി തൊഴിൽ ദിനങ്ങളാണ് കേരളത്തിനുണ്ടായിരുന്നത്. രാഷ്ട്രീയമായ ദുഷ്ടലാക്കോടെ 2024-25ൽ തൊഴിൽ ദിനങ്ങൾ ആറു കോടിയാക്കി വെട്ടിക്കുറച്ചു. ഇപ്പോൾ കേരളത്തിന്റെ ആവശ്യത്തെ കണക്കിലെടുക്കാതെ വീണ്ടും തൊഴിൽ ദിനങ്ങൾ കുറവുവരുത്തിയ നടപടി പാവപ്പെട്ട ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. മാത്രമല്ല, കഴിഞ്ഞ ഡിസംബർ മാസത്തിന് ശേഷം കേരളത്തിന് അവകാശപ്പെട്ട കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭിച്ചിട്ടില്ല. 955 കോടി രൂപയാണ് ഈ ഇനങ്ങളിൽ ലഭിക്കാനുള്ളത്.


സംസ്ഥാനത്തെ തൊഴിലാളികളുടെ കൂലി വർധിപ്പിക്കാനുള്ള അഭ്യർത്ഥനയേയും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. ഹരിയാനയിലൊക്കെ കേരളത്തെക്കാൾ കൂടുതലാണ് തൊഴിലുറപ്പ് കൂലി. കേരളത്തിലെ 20,55,855 കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കെഎസ്കെടിയു സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home