print edition ബില്ല് കൈയിൽ കിട്ടിയാൽ "സ്‌പോട്ടിൽ' അടയ്ക്കാം

തിരുവനന്തപുരം: ബില്ലടയ്ക്കാൻ മറന്നുപോയോ, കെഎസ്‌ഇബി ഓഫീസിൽ പോയി വരിനിൽക്കാൻ ബുദ്ധിമുട്ടാണോ, എന്നാൽ ഇനി വൈദ്യുതി ബിൽ വീട്ടുമുറ്റത്ത് എത്തുമ്പോൾ തന്നെ മീറ്റർ റീഡറുടെ മെഷീനിലൂടെ തുക അടയ്ക്കാം. ഉടൻ രസീതും ലഭിക്കും. മീറ്റർ റീഡറുടെ ആൻഡ്രോയിഡ് സ്പോട്ട് ബില്ലിങ് മെഷീനീലൂടെയുള്ള (പോയിന്റ് ഓഫ് സെയിൽ മെഷീൻ) തുക അടയ്ക്കൽ വിജയമായതോടെ സംസ്ഥാനത്തെ എല്ലാ സെക്‌ഷൻ ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചിരിക്കുകയാണ് കെഎസ്‌ഇബി.
ഉപയോക്താക്കൾക്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ തുടങ്ങിയ മാർഗങ്ങളിലൂടെ ബിൽ അടയ്ക്കാം. ഇടപാടുകളിൽ സർവീസ് ചാർജ് ഈടാക്കുന്നില്ല. നിലവിൽ ഉപയോഗിക്കുന്ന ബില്ലിങ് മെഷീനുകളിലും പണമടയ്ക്കാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. സെക്‌ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളിലും സംവിധാനം നടപ്പാക്കാനാണ് കെഎസ്‌ഇബി തീരുമാനം.
കെഎസ്‌ഇബി ബില്ലിൽ ഉടൻ ക്യൂആർ കോഡ് ഉൾപ്പെടുത്തി ക്വിക് യുപിഐ പേയ്‌മെന്റ് സൗകര്യവും നടപ്പാക്കാനുള്ള ശ്രമത്തിലാണ്. ഉപഭോക്തൃ നമ്പർ, ബിൽ തുക, അവസാന തീയതി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട്ട ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഉപയോക്താക്കൾക്ക് നേരിട്ട് പണമടയ്ക്കാം. കെഎസ്‌ഇബി ഐടി വിഭാഗത്തിന്റെയും കനറ ബാങ്കിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.









0 comments