ഇലക്‌ട്രിക് വാഹന ചാർജിങ് ; പകൽ കുറഞ്ഞ നിരക്ക് , രാത്രി കൂടും

തിരുവനന്തപുരം
വൈദ്യുത വാഹനങ്ങൾ പകൽ കുറഞ്ഞ നിരക്കിൽ ചാർജ് ചെയ്യാം. കെഎസ്‌ഇബിയുടെ ഉടമസ്ഥതയിലുള്ള ചാർജിങ് സ്‌റ്റേഷനുകളിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് നാലുമണിവരെ കുറഞ്ഞ നിരക്കും നാലുമുതൽ അടുത്തദിവസം രാവിലെ ഒൻപതുവരെ കൂടിയ നിരക്കുമായിരിക്കും ഈടാക്കുക. വൈദ്യുതി വാഹന ചാർജിങ് നിരക്ക് പരിഷ്‌കരിച്ച് ഉത്തരവായി.
കേന്ദ്ര സർക്കാരിന്റെ പരിഷ്കരിച്ച മാനദണ്ഡം അനുസരിച്ചാണ് റെഗുലേറ്ററി കമീഷൻ നിരക്ക് പരിഷ്കരിച്ചത്. പകൽ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ ഒമ്പതു മുതൽ നാലു വരെ സാധാരണ നിരക്കിന്റെ 70 ശതമാനവും ബാക്കിയുള്ള സമയം 130 ശതമാനവും ഈടാക്കണമെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിർദേശം. തുടർന്ന് വൈദ്യൂത വാഹനങ്ങൾക്ക് ഫിക്സഡ് ചാർജ് കുറക്കണമെന്ന ആവശ്യവുമായി കെഎസ്‌ഇബി റെഗുലേറ്ററി കമീഷനെ സമീപിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കാണ് കമ്മിഷൻ അനുവദിച്ചത്.
കെഎസ്ഇബി പുതിയ നിരക്കനുസരിച്ച് രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെ എസി സ്ലോ ചാർജ് ചെയ്യുന്നതിന് യൂണിറ്റിന് 8.5 രൂപയും ഡിസി ഫാസ്റ്റ് ചാർജിങിന് - 16.5 രൂപയുമാണ്. വൈകിട്ട് നാലു മുതൽ രാവിലെ ഒമ്പതു വരെ എസി സ്ലോ ചാർജിങിന് 14.23 രൂപയും ഡിസി ഫാസ്റ്റ് ചാർജിങിന് - 23.23 രൂപയും ഈടാക്കും. രാത്രിയിൽ കൂടുതൽ വാഹനങ്ങൾ ചാർജ് ചെയ്‌താൽ സൗരോർജം പോലുള്ള ഹരിതസ്രോതസ്സുകൾ പ്രയോജനപ്പെടുത്താനാകില്ല. ഇത് കാർബൺ വികിരണം കൂട്ടും.









0 comments