കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു
print edition വൈദ്യുതി ബോർഡുകളുടെ മുൻ നഷ്ടം നിരക്ക് വർധനയില്ലാതെ നികത്തും

തിരുവനന്തപുരം
സംസ്ഥാനങ്ങളിലെ വൈദ്യുതി ബോർഡുകളുടെ നഷ്ടം നിരക്കുവർധനയിലൂടെ നാലുവർഷത്തിനകം തിരിച്ചുപിടിക്കണമെന്ന മുൻ ഉത്തരവ് തിരുത്തി സുപ്രീംകോടതി. ഏഴുവർഷമാക്കിയാൽ നിരക്ക് വർധിപ്പിക്കാതെ തന്നെ കെഎസ്‌ഇബിക്ക് തിരിച്ചുപിടിക്കാനാകുമെന്ന സംസ്ഥാന റെഗുലേറ്ററി കമിഷന്റെ വാദം അംഗീകരിച്ചാണ് നടപടി. ബോർഡിന്റെ നഷ്ടം നികത്താൻ ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കില്ലെന്നാണ് കേരളത്തിന്റെ നിലപാട്.
ഡൽഹിയിലെ ടാറ്റയുടെയും അംബാനിയുടെയും നിയന്ത്രണത്തിലുള്ള വൈദ്യുതി വിതരണ കമ്പനികൾക്ക് (ഡിസ്കോമുകൾ) ഉൗഹക്കച്ചവടത്തിലൂടെ വൻബാധ്യത വന്നതോടെയാണ് സബ്‌സിഡി വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവരിൽനിന്നും അധികതുക ഇൗടാക്കാൻ കേന്ദ്ര ഉൗർജമന്ത്രാലയം ഉത്തരവിറക്കിയത്. ഏഴുവർഷത്തിനകം നഷ്ടം നികത്താനും നിർദേശിച്ചു. എന്നാൽ, സ്വകാര്യ കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ച് ഏഴുവർഷമെന്നത് നാലാക്കി ചുരുക്കി ഉത്തരവുനേടി. ഇതിനെതിരെയാണ് കേരളം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.
2024 ഡിസംബറിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 16ഉം 2025 ഏപ്രിലിൽ 12ഉം പൈസ വർധിപ്പിച്ചു. റെഗുലേറ്ററി ആസ്‌തിയുടെ പേരിൽ ഇനിയും നിരക്ക് വർധിപ്പിക്കുന്നത് ഉപഭോക്താക്കളുടെ ഭാരം കൂട്ടുമെന്ന് കമീഷൻ അപ്പീലിൽ ചൂണ്ടിക്കാട്ടി. 2011- – 12, 2012- –13, 2016 –-17 വർഷങ്ങളിൽ വരുമാനക്കമ്മി വർധിച്ചത് മഴക്കുറവു കാരണം വൈദ്യുതോൽപാദനം കുറഞ്ഞതാണ്. 2017-–18 മുതൽ വരുമാനക്കമ്മി കുറഞ്ഞുവരികയാണെന്നും ഏഴുവർഷം ലഭിച്ചാൽ റെഗുലേറ്ററി ആസ്തി പ്രശ്നം പരിഹരിക്കാനാവുമെന്നും കമീഷൻ വ്യക്തമാക്കിയിരുന്നു.









0 comments