വിറ്റുവരവ് 150 കോടിയായി ഉയർത്തും; കെഎസ്‌ഡിപിയിൽ നിന്ന് 26 മരുന്നുകൂടി


ഫെബിൻ ജോഷി
Published on Mar 26, 2025, 09:26 AM | 1 min read
ആലപ്പുഴ: അടുത്ത സാമ്പത്തിക വർഷം മുതൽ 26 ഇനം മരുന്നു കൂടി വിപണിയിൽ എത്തിക്കാൻ കെഎസ്‌ഡിപി (കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്) ഒരുങ്ങുന്നു. എൽവിപി, എസ്‌വിപി, ഒപ്‌താൽമിക് പ്ലാന്റിൽ ട്രയൽ റൺ പൂർത്തിയാകുന്നതോടെ തുള്ളിമരുന്നുകളും കുത്തിവയ്‌പ്പിനുള്ള മരുന്നുകളും ഐ വി ഫ്ലൂയിഡുകളുമടക്കം 26 ഇനം മരുന്നുകളുടെ വ്യാവസായിക ഉൽപ്പാദനം ആരംഭിക്കും. ഇതോടെ കെഎസ്‌ഡിപിയിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളുടെ എണ്ണം 118 ആകും.
കെഎസ്‌ഡിപിയിൽ ഐ വി ഫ്ലൂയിഡുകൾ ഉൽപ്പാദനം ആരംഭിക്കുന്നതോടെ ഇതിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. പ്ലാന്റ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ 1.20 കോടി ഐ വി ഫ്ലൂയിഡ് യൂണിറ്റും പ്രതിവർഷം ഉൽപ്പാദിപ്പിക്കാനാകും. ആംപ്യൂൾ വയൽ കുത്തിവയ്‌പ്പ് മരുന്നുകളും കെഎസ്‌ഡിപിയിൽതന്നെ നിർമിക്കും. ഇതിലൂടെ വാർഷിക വിറ്റുവരവ് 100 കോടിയിൽനിന്ന് 150 കോടിയായി ഉയർത്താനാകും.
എൽവിപി, എസ്‌വിപി, ഒപ്‌താൽമിക് പ്ലാന്റിലെ യന്ത്രങ്ങളുടെ കമീഷനിങ് പൂർത്തിയാക്കി ട്രയൽ പുരോഗമിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയിലുള്ളതാണ് ജർമൻ നിർമിത യന്ത്രങ്ങൾ. ബ്ലോ–-ഫിൽ–-സീൽ യന്ത്രത്തിൽനിന്ന് മാത്രം 100എംഎല്ലിന്റെ ഏഴിനം മരുന്നുകളും 500എംഎല്ലിന്റെ അഞ്ചിനം മരുന്നുകളും നിർമിക്കാം. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിനെ കൂടാതെ ഫാർമസി റീട്ടൈൽ ശൃംഖല, വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സഹകരണ ആശുപത്രികൾ എന്നിവിടങ്ങളിലൂടെ മരുന്നുകൾ സാധാരണക്കാരിലെത്തും. നിലവിൽ കെഎസ്ഡിപിയിൽ 92 മരുന്നുകളാണ് നിർമിക്കുന്നത്. ഒന്നാം പിണറായി സർക്കാർ ആരംഭിച്ച നോൺ ബീറ്റാ ലാക്റ്റം പ്ലാന്റ് പൂർത്തീകരിച്ച ശേഷമാണ് 40 മരുന്നുകൾ നിർമാണം തുടങ്ങിയത്.
മെഡി മാർട്ട് ഏപ്രിൽ എട്ട് മുതൽ
കലവൂരിലെ കെഎസ്‌ഡിപി പരിസരത്ത് ആരംഭിക്കുന്ന മെഡി മാർട്ട് എന്ന റീട്ടൈൽ ഫാർമസി ഔട്ട്‌ലെറ്റ് ഏപ്രിൽ എട്ടിന് മന്ത്രി പി രാജീവ് നാടിന് സമർപ്പിക്കും. ഇവിടെ കെഎസ്‌ഡിപിയിൽ നിർമിക്കുന്നതിന് പുറമേ എല്ലാത്തരം അലോപ്പതി മരുന്നുകളും 15 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും. ആശുപത്രികളിലേക്കും വീടുകളിലേക്കും മരുന്നുകൾ ഓർഡർ അടിസ്ഥാനത്തിൽ എത്തിക്കാനുള്ള സൗകര്യവുമുണ്ടാകും.









0 comments