കപ്പലിൽ നിന്നുള്ള വസ്തുക്കൾ തീരത്തടിഞ്ഞാൽ തൊടരുത്; 200 മീറ്ററെങ്കിലും മാറിനിൽക്കണം: ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ വിവിധ തീരങ്ങളിൽ അടിയുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ അടുത്ത് പോവുകയോ തൊടുകയോ ചെയ്യരുതെന്ന് പൊലീസ് വ്യക്തമാക്കി. ഉടൻ തന്നെ 112ൽ വിവരം അറിയിക്കണം. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കണമെന്നും കൂട്ടം കൂടി നിൽക്കരുതെന്നും നിർദേശമുണ്ട്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുതെന്നും ദൂരെ മാറി നിൽക്കണമെന്നും ജാഗ്രത നിർദേശങ്ങളിൽ പറയുന്നു.
കപ്പലിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. ഇവയിൽ 73 എണ്ണം ശൂന്യമാണ്. 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കൾ ആണ്. ഇവയിൽ ചിലതിൽ അപകടകരമായ രാസ വസ്തുക്കൾ ഉണ്ടെന്നും പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ശനിയാഴ്ചയാണ് ലൈബീരിയൻ ചരക്ക് കപ്പൽ എംഎസ്‍സി എൽസ 3 അറബിക്കടലിൽ അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പകൽ ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്ന് 14.6 നോട്ടിക്കൽ മൈലും കൊച്ചിയിൽനിന്ന് 40 നോട്ടിക്കൽ മൈലും അകലെയാണ് എംഎസ്‌സി എൽസ 3 അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ചരിഞ്ഞ കപ്പൽ ഇന്നലെ പൂർണമായും കടലിൽ മുങ്ങി. റഷ്യക്കാരനായ ക്യാപ്റ്റൻ ഇവാനോവ് അലക്‌സാണ്ടറുൾപ്പെടെ കപ്പലിലുണ്ടായിരുന്ന 24 പേരെയും നടപടിക്രമം പൂർത്തിയാക്കി ഞായർ രാവിലെ സുരക്ഷിതമായി കരയിലെത്തിച്ചു.
643 കണ്ടെയ്‌നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ നൂറോളം എണ്ണമാണ് കടലിൽ മുങ്ങിയത്. 13 എണ്ണത്തിൽ അപകടകരമായ കാത്സ്യം കാർബൈഡ് അടങ്ങിയ ചരക്കുകളാണ്. 73 കണ്ടെയ്‌നറുകൾ ശൂന്യമാണ്. കപ്പൽ ടാങ്കുകളിൽ 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലുമുണ്ട്. കോസ്‌റ്റ് ഗാർഡിന്റെ രണ്ടു കപ്പൽ, ഡോണിയർ വിമാനം എന്നിവ ഉപയോഗിച്ച് എണ്ണപ്പാട നശിപ്പിക്കാനുള്ള നടപടി ഊർജിതമായി തുടരുകയാണ്.









0 comments