പീഡനം താങ്ങാനാകാതെ മരിച്ച കെപിസിസി ട്രഷററെ മറന്നോ ?

കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രനെ 2022 ഡിസംബർ 20നാണ് തിരുവനന്തപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോൺഗ്രസ് നേതാക്കളുടെ മാനസികപീഡനവും കുപ്രചാരണവുമാണ് മരണത്തിന് കാരണമെന്ന് മക്കൾ വെളിപ്പെടുത്തി
തിരുവനന്തപുരം
കോൺഗ്രസുകാരുടെ അതിക്രമത്തിൽനിന്ന് സ്വന്തം നേതാക്കൾക്കുപോലും രക്ഷയില്ലെന്നു തെളിയിക്കുന്നതായിരുന്നു കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രന്റെ മരണം. മുൻ കെപിസിസി അധ്യക്ഷനും മന്ത്രിയുമായിരുന്ന വരദരാജൻനായരുടെ മകനായ പ്രതാപചന്ദ്രനെ 2022 ഡിസംബർ 20നാണ് തിരുവനന്തപുരത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണുന്നത്.
ദുരൂഹത ആരോപിച്ച് കുടുംബം കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടും കെപിസിസി നിഷ്കരുണം തള്ളി. ഒടുവിൽ പ്രതാപചന്ദ്രന്റെ മരണം പാർടിയിലെ ചിലരുടെ മാനസിക പീഡനം മൂലമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മക്കളായ പ്രജിത്തും പ്രീതിയും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ (സിയുസി) സംഘടിപ്പിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേരിട്ടു നിയമിച്ച സംഘത്തിലെ പ്രമോദ്, രമേശൻ എന്നിവർ നിരന്തരം പീഡിപ്പിത് മരണത്തിലേക്ക് നയിച്ചു. കെപിസിസിയുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്നതരത്തിൽ ചില മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ച വാർത്ത പ്രതാപചന്ദ്രന് അപകീർത്തിയും മാനസികാഘാതവും ഉണ്ടാക്കി. അപവാദ പ്രചാരണത്തിന് ചുക്കാൻപിടിച്ചത് സിയുസിക്കാരാണെന്നും ബന്ധുക്കൾ പറയുന്നു.
കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശൻ എന്നിവർക്കെതിരെ പൊലീസിൽ പരാതിപ്പെടാൻ പ്രതാപചന്ദ്രൻ തീരുമാനിച്ചിരുന്നു. അഭിഭാഷകനെ ചുമതലപ്പെടുത്തി. കെ സുധാകരനെയും അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം മക്കളോട് പ്രതാപചന്ദ്രൻ പറഞ്ഞിരുന്നു. ഓഫീസിൽവച്ച് പ്രമോദ് നിരന്തരം ആക്ഷേപിച്ചത് പ്രതാപചന്ദ്രനെ അസ്വസ്ഥനാക്കിയിരുന്നെന്നും പരാതിയിലുണ്ട്. കേസിൽ അന്വേഷണം നടക്കുകയാണ്.
കെ സുധാകരൻ ചതിച്ചെന്ന് മക്കൾ
പരാതിയിൽ ഒരു കഴമ്പുമില്ലെന്നും ആർക്കെതിരെയും നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരൻ തങ്ങളോട് പറഞ്ഞതായി പ്രതാപചന്ദ്രന്റെ മകൻ പ്രജിത്ത് പറഞ്ഞിരുന്നു. ചില കോൺഗ്രസ് നേതാക്കളുടേയും കെപിസിസിയിലെ സിയുസി സംഘത്തിന്റേയും മാനസിക പീഡനവും അഴിമതിക്കാരനാണെന്ന കുപ്രചാരണവുമാണ് പ്രതാപചന്ദ്രന്റെ അപ്രതീക്ഷിത വേർപാടിന് കാരണമെന്ന് ഡിജിപി ക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇത് വാർത്തയായതോടെ കുറ്റക്കാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി സുധാകരൻ പരാതി പിൻവലിപ്പിച്ചു. ‘പ്രതാപചന്ദ്രന് പുനർജന്മം നൽകിയത് താനാണ്, നിങ്ങൾ ഇപ്പോൾ പരാതി നൽകിയാൽ ഞാനാകും ബുദ്ധിമുട്ടുക. പ്രതാപനോട് മോശമായി പെരുമാറിയ ഒരാളും പാർടിയിലോ കെപിസിസി ഓഫീസിലോ ഉണ്ടാകില്ല’ –- ഇതായിരുന്നു സുധാകരൻ നൽകിയ വാഗ്ദാനം. പരാതി പിൻവലിച്ചപ്പോൾ ചതിക്കുകയായിരുന്നു. അച്ഛനെതിരെ വ്യാപകമായി അപഖ്യാതി പ്രചരിപ്പിച്ച കെപിസിസി ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയെയും സിയുസി സംഘാംഗങ്ങളേയും സംരക്ഷിക്കുകയാണ് ചെയ്‌തതെന്നും പ്രജിത്ത് പറഞ്ഞു.
യുവതിയുടെ ജീവനെടുത്ത വെട്ടിപ്പ്
നൂറ്റാണ്ട് പഴക്കമുള്ള കരിമണ്ണൂർ സഹകരണ ബാങ്ക് 2010 മുതൽ യുഡിഎഫാണ് ഭരിക്കുന്നത്. ബാങ്കിന്റെ അടിവേരു തോണ്ടിയ ഭരണസമിതിയിൽ അഴിമതിപ്പണം പങ്കുവയ്ക്കുന്നതില്‍ ഘടകകക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. സാമ്പത്തിക തകർച്ചയിലും, അഞ്ചുപേരെ നിയമിച്ചതിൽ 36 ലക്ഷത്തോളം രൂപ ബോർഡ് അംഗങ്ങൾ വാങ്ങി പങ്കിട്ടെന്ന് ഭരണസമിതിയിലെ ചിലര്‍ പരസ്യപ്പെടുത്തി.
കേരള കോൺഗ്രസ് ജെ പ്രതിനിധിയായിരുന്നു പ്രസിഡന്റ്. ഇയാൾ ബിനാമിപേരുകളിൽ കോടികളാണ് തട്ടിയത്. ബാങ്ക് പരിധിയിൽ സ്ഥലമോ താമസമോ ഇല്ലാത്ത യുവതിയുടെ പേരിൽ 15 ലക്ഷം രൂപ വായ്പ അനുവദിച്ചു. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴേക്കും കുടിശിക ഇരട്ടിയായി. യുവതി ജീവനൊടുക്കി. യുഡിഎഫുകാരുടെതന്നെ പരാതിയിൽ പ്രസിഡന്റിനെ അയോഗ്യനാക്കി. നിക്ഷേപം തിരിച്ചുനൽകാനാവാത്ത അവസ്ഥയാണിപ്പോൾ. ചിട്ടി പിടിച്ചവർക്കും പണമില്ല.
തിരിച്ചടയ്ക്കുന്ന വായ്പാതുക ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ഇഷ്ടക്കാർക്ക് രഹസ്യമായി നൽകുകയാണ്. കേരള ബാങ്കിലെ ഓവർ ഡ്രാഫ്റ്റ് അടച്ചശേഷം മിച്ചംവന്ന ഒരു കോടിയോളം രൂപ ഇഷ്‍ടക്കാർക്ക് കൈമാറിയെന്നാണ് ലീഗ് അംഗത്തിന്റെ ആരോപണം. കോൺഗ്രസ് നേതാവ് തന്റെ വായ്‍പാതുകയായ 15 ലക്ഷം തിരിച്ചടച്ചപ്പോൾ, അതും ചില ബോർഡ് അംഗങ്ങൾ കമീഷൻ വാങ്ങി ഇഷ്ടക്കാർക്ക് നൽകി. അക്കൗണ്ടിലേക്ക് അല്ലാതെ കൈമാറിയ ഈ തുക കള്ളപ്പണമാണെന്ന് കോൺഗ്രസുകാർതന്നെ ആരോപിച്ചു.
നാടിനെ ഞെട്ടിച്ച മൂന്നിലവ്, പൂഞ്ഞാർ ‘ബാങ്കുകൊള്ള’
യുഡിഎഫ് നേതാക്കളും ബന്ധുക്കളും സഹകരണബാങ്കുകളിൽ നടത്തിയ വൻ ക്രമക്കേടുകൾ ഏതാനും വർഷംമുമ്പ് പുറത്തുവന്നപ്പോൾ പൂഞ്ഞാർ മേഖല ഞെട്ടി. മൂന്നിലവ്, പൂഞ്ഞാർ സഹകരണബാങ്കുകളിലാണ് കോടികളുടെ സാമ്പത്തിക ക്രമക്കേട് കണ്ടത്തിയത്.
ജെയിംസ് ആന്റണി പ്രസിഡന്റായിരുന്ന മൂന്നിലവ് ബാങ്കിലെ യുഡിഎഫ് ഭരണസമിതി 2013 മുതൽ മൂല്യമില്ലാത്ത വസ്തുക്കൾ ജാമ്യമായി നൽകി വിവിധ ഓഹരിയുടമകളുടെ പേരിൽ വായ്‌പയെടുത്തെന്നായിരുന്നു പരാതി. ഈടുവച്ച വസ്തുവക ഉടമയറിയാതെ വീണ്ടും വച്ച് വായ്‌പയെടുത്തു. ജെയിംസ് ആന്റണിയുടെ മരണശേഷമാണ് തട്ടിപ്പു പുറത്തുവന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ജാമ്യമായി നൽകി നൂറോളം വായ്‌പ വഴി 12 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ൨൦൨൨ ജൂണിൽ ജെയിംസിന്റെ ബന്ധുക്കളുടേതടക്കം വസ്‌തുവക ജപ്തിചെയ്തു.
2017–--18ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് പൂഞ്ഞാർ ബാങ്കിലെ അഴിമതി പുറത്തുവന്നത്. കോൺഗ്രസും പി സി ജോർജിന്റെ അന്നത്തെ കേരള ജനപക്ഷം സെക്കുലർ പാർടിയും ചേർന്നായിരുന്നു ഭരിച്ചത്. പരിധിക്ക് പുറത്തുള്ള സ്ഥലം ഈടായി സ്വീകരിച്ച് മതിപ്പുവിലയുടെ നാലിരട്ടി വിലയിട്ട് ബാങ്കിനെ പറ്റിച്ചു. ബാങ്ക് പ്രസിഡന്റ് ജോർജ് ജോസഫ് അറയ്ക്കപ്പറമ്പിലും കുടുംബാംഗങ്ങളും ചട്ടങ്ങൾ മറികടന്ന് വായ്‌പയിലൂടെയും ചിട്ടിയിലൂടെയും 1.20 കോടി രൂപ നേടിയെന്നായിരുന്നു പരാതി.
ബാങ്ക് സെക്രട്ടറിയായ ചാൾസ് ആന്റണിയുടെ ഭാര്യയുടെയും മക്കളുടെയും സഹോദരന്റെ ഭാര്യയുടെയും പേരിൽ തട്ടിയത് ഒന്നരകോടിയോളം രൂപ. ഭരണസമിതിയംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോമോൻ ഐക്കര ഒപ്പിച്ചത് 78 ലക്ഷം രൂപയുടെ വായ്‌പ. കേരള കോൺഗ്രസ് ജോസഫ് നേതാവ് മജു പുളിക്കൻ നേടി 1.16 കോടിയുടെ വായ്‌പ. ഈരാറ്റുപേട്ട നഗരസഭ മുൻ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് ഇല്ല്യാസ് ഉൾപ്പടെ 49 പേർ ഭരണസമിതിയുടെ ഒത്താശയോടെ മതിയായ ഈടില്ലാതെ നേടിയെടുത്തത് 4.61 കോടി രൂപയാണ്. ഭരണസമിതി 2018ൽ ജില്ലാ രജിസ്ട്രാർ പിരിച്ചുവിട്ടു.
മാവേലിക്കരയിൽ വെട്ടിച്ചത് കോടികൾ
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിലൂടെ നിക്ഷേപകരുടെ ജീവനെടുത്ത കോൺഗ്രസ് അഴിമതി പുറത്തറിയുന്നത് 2016 ഡിസംബറിൽ. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിൽ 34.80 കോടി രൂപയുടെ ക്രമക്കേടും 27.76 കോടി രൂപയുടെ നിക്ഷേപശോഷണവും ഉള്‍പ്പടെ 62.56 കോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്.
കോൺഗ്രസിന്റെ മുതിർന്ന നേതാവും അന്ന് ബാങ്ക് പ്രസിഡന്റുമായിരുന്ന, കോട്ടപ്പുറത്ത് വി പ്രഭാകരൻപിള്ളയും സെക്രട്ടറിയും മാനേജരും രണ്ടു ജീവനക്കാരും അറസ്റ്റിലായി. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായ സംഭവം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റടക്കം അന്വേഷിച്ചു. 2016 ഡിസംബര്‍ 27ന് സഹകരണ നിയമം 65–-ാം വകുപ്പ് പ്രകാരമുള്ള പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അഴിമതി പുറത്തുവന്നത്.
കേരള ടൂറിസം ഡെവലപ്‍മെന്റ് സൊസൈറ്റി ; അഴിമതിയിൽനിന്നു കരകയറ്റിയത് സഹകരണ മുന്നണി
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പിടിയില്‍നിന്ന് വാഗമണിലെ കേരള ടൂറിസം ഡെവലപ്‍മെന്റ് സൊസൈറ്റിയെ കരകയറ്റിയത് സഹകരണ സംരക്ഷണ മുന്നണി. ഈരാറ്റുപേട്ടയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സ്ഥാപനത്തെ അഴിമതിക്കാണ് ഉപയോഗിച്ചത്. 25 വർഷം കോൺഗ്രസ് ഭരണസമിതിയുടെ കീഴിലായിരുന്ന സ്ഥാപനത്തിൽ 4.50 കോടിയുടെ അഴിമതിയാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്.
നൂറുകണക്കിനാളുകളെ ചിട്ടികളിൽ ചേർത്ത് വൻതട്ടിപ്പാണ് നടത്തിയത്. ഒരുലക്ഷം മുതൽ 10 ലക്ഷംവരെ നിക്ഷേപിച്ചവർ ഏറെ. അങ്കമാലി, ഈരാറ്റുപേട്ട, പാലാ, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണിത്. സൊസൈറ്റിക്ക് സാധനസാമഗ്രികൾ വാങ്ങിയെന്ന് വ്യാജരേഖകൾ ചമച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് സംസ്ഥാന സഹകരണ വിഭാഗം വിജിലൻസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞു. നാലു ജീവനക്കാർക്ക് ശമ്പളം നൽകിയില്ല. 13 അംഗ ഭരണസമിതിയായിരുന്നു അഴിമതി നടത്തിയത്. ഈരാറ്റുപേട്ടയിലെ കോൺഗ്രസ് നേതാവായിരുന്ന സേവ്യർ തോമസിന്റെ സഹോദരന്റെ കൈകളിൽ ഭരണനിയന്ത്രണം ലഭിച്ചതോടെ അഴിമതിക്ക് തുടക്കമായി. കുറ്റക്കാരുടെ പക്കൽനിന്നും നഷ്ടം ഈടാക്കണമെന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് ചോദ്യംചെയ്‍ത് ഭരണസമിതി ഹൈക്കോടതിയിൽ കേസ് ഫയല്‍ചെയ്‍തിട്ടുണ്ട്. സഹകരണ വിഭാഗം നടത്തിയ പരിശോധനയിൽ കേരള ബാങ്കിലെയും എസ്ബിഐയിലെയും അക്കൗണ്ടുകളിലുള്ളത് 2800 രൂപ മാത്രമായിരുന്നു. 2021 ഡിസംബറില്‍ തട്ടിപ്പ് ഭരണസമിതിയെ തൂത്തെറിഞ്ഞ് സഹകാരികൾ സൊസൈറ്റി ഭരണം സഹകരണ സംരക്ഷണ മുന്നണിയെ ഏല്‍പ്പിച്ചു.









0 comments