തെളിഞ്ഞത്‌ 
കോൺഗ്രസ്‌– ബിജെപി അന്തർധാര

കെപിസിസി റിപ്പോർട്ട് ; പ്രതാപനും അനിൽ അക്കരയ്‌ക്കുമെതിരെ പടപ്പുറപ്പാട്‌

kpcc report
avatar
മുഹമ്മദ്‌ ഹാഷിം

Published on Feb 05, 2025, 02:18 AM | 2 min read



തൃശൂർ

കോൺഗ്രസ്‌ ബിജെപിക്ക്‌ വോട്ട്‌ മറിച്ചതിനാലാണ്‌ തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തായതെന്ന്‌ സമ്മതിക്കുന്ന കെപിസിസി റിപ്പോർട്ട്‌ പുറത്തായതോടെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയില്ലാതെ മുന്നോട്ട്‌ പോകാനാകില്ലെന്നാണ്‌ കെ മുരളീധരന്റെ നിലപാട്‌. തനിക്ക്‌ പറയാനുള്ളത്‌ സമിതി അംഗങ്ങളോട്‌ പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പ്രതികരിച്ചു.


തോൽവിക്ക്‌ കാരണക്കാരെന്ന്‌ റിപ്പോർട്ടിൽ പറയുന്ന ടി എൻ പ്രതാപൻ കെപിസിസി വർക്കിങ്‌ പ്രസിഡന്റാണ്‌. സിറ്റിങ്‌ എംപിയായ അദ്ദേഹത്തെ മാറ്റി മുരളീധരനെ സ്ഥാനാർഥിയാക്കിയതോടെയാണ്‌ ഈ പദവി ലഭിച്ചത്‌. കെഎസ്‌യുവിന്റെ ചുമതലയും പ്രതാപനാണ്‌. അനിൽ അക്കര കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗമാണ്‌. ഇവരെ പദവികളിൽനിന്ന്‌ ഒഴിവാക്കണമെന്നാണ്‌ ആവശ്യം. തൃശൂർ കോർപറേഷനിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും തൃശൂർ, ഒല്ലൂർ, പുതുക്കാട്‌, മണലൂർ, നാട്ടിക തുടങ്ങിയ മണ്ഡലങ്ങളിലുമായി ബിജെപി വോട്ടുകൾ അനധികൃതമായി ചേർത്തപ്പോൾ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്ണടച്ചുവെന്ന ആരോപണം റിപ്പോർട്ടിലുണ്ട്‌. മുൻ തെരഞ്ഞെടുപ്പിനേക്കാൾ 86,965 വോട്ടാണ്‌ കോൺഗ്രസിന്‌ കുറഞ്ഞത്‌. ബിജെപി ജയിച്ചത്‌ 74,686 വോട്ടിനും. കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട്‌ കെപിസിസി ഓഫീസിൽ നിന്നാണ്‌ ചോർന്നതെന്ന്‌ ആരോപണം ഉയർന്നിട്ടുണ്ട്‌. തന്റെ പേര്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഉയർന്നത്‌ കണ്ടാണ്‌ ഇത്തരം അപവാദപ്രചാരണമെന്ന്‌ അനിൽ അക്കര പ്രതികരിച്ചു.


തെളിഞ്ഞത്‌ 
കോൺഗ്രസ്‌– ബിജെപി അന്തർധാര

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരനെ തോൽപ്പിച്ചത്‌ കോൺഗ്രസ്‌ നേതാക്കളെന്ന്‌ കെപിസിസി അന്വേഷണ സമിതിയും കണ്ടെത്തിയതോടെ തെളിഞ്ഞത്‌ ബിജെപിയുമായുള്ള അന്തർധാര. ജില്ലയിലെ വിവിധ വിഷയങ്ങളിൽ ബിജെപിയുടെ കോടാലിക്കൈകളായി പ്രവർത്തിച്ച ടി എൻ പ്രതാപനും അനിൽ അക്കരയുമാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തോൽവിക്ക്‌ കാരണക്കാരെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കരുവന്നൂർ ബാങ്ക്‌, വടക്കാഞ്ചേരി ലൈഫ്‌ ഫ്ലാറ്റ്‌ തുടങ്ങിയ വിഷയങ്ങളിലൊക്കെ കേന്ദ്ര ഏജൻസികളെ മുൻനിർത്തി വിഷലിപ്‌തമായ സിപിഐ എം വിരോധമാണ്‌ ഇരുവരും പ്രചരിപ്പിച്ചത്‌. കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിൽ ഇവർ ബിജെപി നേതാക്കൾക്കൊപ്പംകൂടി.


വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റും മന്ത്രിസ്ഥാനവും മോഹിച്ച്‌ ലോക്‌സഭയിലേക്കില്ലെന്ന്‌ പ്രഖ്യാപിച്ച ടി എൻ പ്രതാപൻ ബിജെപിക്ക്‌ അവസരമൊരുക്കുകയായിരുന്നു. കെപിസിസി സമിതിയുടെ റിപ്പോർട്ടിൽ ഇത്‌ വ്യക്തമാക്കുന്നുണ്ട്‌. മണലൂർ, ഗുരുവായൂർ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു എംപി ആയിരുന്നപ്പോൾ അദ്ദേഹം സജീവമായത്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഹായവും പ്രതാപൻ പ്രതീക്ഷിക്കുന്നുണ്ട്‌.


അനിൽ അക്കര ബിജെപി നേതാക്കൾക്ക്‌ വേണ്ടപ്പെട്ടയാളാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റും ബിജെപിയുടെ സഹായവുമാണ്‌ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Home