തരൂരിന് ‘വെൽകം’ കുരുക്കിലായി കെപിസിസി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ വിദേശരാജ്യങ്ങളിലേക്ക് സർവകക്ഷി സംഘത്തെ അയക്കുന്ന വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് കെപിസിസി. സർവകക്ഷി സംഘത്തെ നയിക്കാൻ സന്നദ്ധതയറിയിച്ച ശശി തരൂർ എംപിയുടെ നിലപാടിനെ അഭിനന്ദിച്ച് കെപിസിസിയിലെ പ്രമുഖർ രംഗത്തുവന്നു. എഐസിസി അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറിയ പട്ടികയിലുള്ളവരെ വെട്ടിയാണ് കേന്ദ്രസർക്കാർ ശശി തരൂരിനെ ബിജെപി സർക്കാർ സർവകക്ഷി സംഘത്തിന്റെ തലവനാക്കിയത്. ജയറാം രമേശ് ഉൾപ്പെടെയുള്ള എഐസിസി വക്താക്കൾ തരൂരിന്റെ തീരുമാനത്തെ വിമർശിക്കുമ്പോഴാണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി കെപിസിസി വക്താക്കൾ പ്രസ്‌താവന ഇറക്കിയിരിക്കുന്നത്. സംഗതി പാളിയെന്ന് മനസ്സിലായതോടെ ‘ഔദ്യോഗിക’മായി ഒന്നും പറഞ്ഞിട്ടില്ലെന്നും ദേശീയ പ്രശ്നമാണെന്നും പറഞ്ഞ് നേതാക്കൾ തടിതപ്പി. അഭിമാനത്തോടെയാണ് കേന്ദ്രസർക്കാരിന്റെ ക്ഷണത്തെ കാണുന്നതെന്ന് ശശി തരൂർ തിരുവനന്തപുരത്ത് പ്രതികരിച്ചു.
0 comments