കോൺഗ്രസ് പുനഃസംഘടന ; അന്തിമപട്ടിക തയ്യാറാക്കാൻ നേതാക്കൾ ഡൽഹിക്ക്


സി കെ ദിനേശ്
Published on Jul 05, 2025, 12:35 AM | 1 min read
തിരുവനന്തപുരം
തങ്ങൾക്ക് താൽപര്യമുള്ള ഏതാനും പേരെ മാത്രം നോമിനേറ്റ് ചെയ്‌ത് കെപിസിസി, ഡിസിസി പ്രസിഡന്റ് പുനഃസംഘടന ഭാഗികമായി നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. സമ്പൂർണ പുനഃസംഘടന നടത്തിയാൽ നിശ്ചിത ശതമാനം വീതം സ്ഥാനങ്ങൾ യുവജനങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും നൽകണമെന്നാണ് എഐസിസി മാനദണ്ഡം. ഇത് അട്ടിമറിച്ച് നിലവിലുള്ള ഉന്നത വിഭാഗത്തിന് മേൽക്കൈ നിലനിർത്താനാണ് പുനഃസംഘടന ഭാഗികമാക്കുന്നതെന്നാണ് ആക്ഷേപം. ഹൈക്കമാൻഡിന് പരാതി അയയ്‌ക്കുമെന്നും യുവനേതാക്കൾ സൂചിപ്പിച്ചു.
ട്രഷറർ ഉൾപ്പെടെ ഒഴിവുകൾ നികത്തലും കെ സുധാകരന്റെ നോമിനികളെ നീക്കലും നാലോ അഞ്ചോ ഡിസിസി പ്രസിഡന്റുമാരെ മാറ്റലും മാത്രമാണുണ്ടാകുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും അടുത്ത ആഴ്‌ച അന്തിമപട്ടിക തയ്യാറാക്കാനായി ഡൽഹിക്ക് പോകും.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടത്തണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. വയനാട്, തിരുവനന്തപുരം ഡിസിസി പ്രസിഡന്റുമാരെ ഉൾപ്പെടെ മാറ്റുമെന്ന് ഉറപ്പായപ്പോൾ ചിലർ മാറാൻ സന്നദ്ധത അറിയിച്ചു. കൊല്ല്ലം, ആലപ്പുഴ, കോട്ടയം ഡിസിസി പ്രസിഡന്റുമാരും മാറിയേക്കും. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി ഉൾപ്പെടെയുള്ളവർ പകരം മറ്റു സ്ഥാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കെ സുധാകരൻ മാറ്റാൻ ശ്രമിച്ച സമയത്ത് പാലോട് രവിയെ സംരക്ഷിച്ചത് വി ഡി സതീശനായിരുന്നു.
കെപിസിസി പ്രസിഡന്റിന്റെ അറ്റാച്ച്‌ഡ് സെക്രട്ടറി കെ ജയന്ത് ഉൾപ്പെടെയുള്ള സുധാകരൻ പക്ഷക്കാരെ നീക്കും. കെ സി വേണുഗോപാലിനുകൂടി താൽപര്യമുള്ള ജനറൽ സെക്രട്ടറി എം ലിജുവിന്റെ കാര്യവും സംശയത്തിലാണ്.









0 comments