പടക്കം പൊട്ടിച്ചതും ആനയുടെ കാലിൽ ചങ്ങല ഇല്ലാത്തതും അപകട കാരണം; കൊയിലാണ്ടിയിൽ ആനയിടഞ്ഞ സംഭവത്തിൽ അന്തിമ റിപ്പോർട്ട്

koyilandi elephant

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Feb 21, 2025, 11:49 AM | 1 min read

കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. പടക്കം പൊട്ടിച്ചതും ആനയുടെ കാലിൽ ചങ്ങല ഇല്ലാത്തതും അപകടത്തിന് കാരണമായി റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ കീർത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. നാട്ടാന പരിപാലന ചട്ടത്തിൽ ലംഘനമുണ്ടായി, ഇടഞ്ഞ ആനകളായ ​ഗോകുലിന്റെയും പീതാംബരന്റെയും കാലിൽ ചങ്ങല ഉണ്ടായിരുന്നില്ല, സമീപത്തായി പടക്കം പൊട്ടിച്ചു, തുടങ്ങിയ കാര്യങ്ങൾ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലം അന്തിമ റിപ്പോർട്ടിലുമുണ്ട്.


രണ്ട് ആനകളുടേയും രക്തസാമ്പിളുകൾ തൃശൂരിൽ പരിശോധിച്ചിരുന്നു. പരിശോധനയിൽ പീതാംബരൻ എന്ന ആന മതപ്പാടിലായിരുന്നതായി തെളിഞ്ഞു. മതപ്പാടിലുള്ള ആനയെ ചട്ട വിരുദ്ധമായി എഴുന്നള്ളത്തിന് എത്തിച്ചു എന്നും റിപ്പോർട്ടിലുണ്ട്. ഇനി ഇത്തരം അപകടങ്ങളൊന്നും ആവർത്തിക്കാതിരിക്കാൻ ആറ് നിർദേശങ്ങളും സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ സമർപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 13നാണ് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനകളിടഞ്ഞ് മൂന്ന് പേർ മരിച്ചത്.


ആനകളിടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു മരണം. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കുണ്ട്. പടക്കം പൊട്ടുന്ന ഉഗ്രശബ്ദം കേട്ടതോടെ എഴുന്നള്ളത്തിനെത്തിയ ഒരു ആന ഇടയുകയായിരുന്നു. ഈ ആന വിരണ്ട് തൊട്ടടുത്തുള്ള ആനയെ കുത്തുകയും, ഈ ആന കമ്മിറ്റി ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ആന മറിഞ്ഞുവീണ ഓഫീസിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നത് പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.ആന വിരണ്ടതോടെ അവിടെ തടിച്ചുകൂടിയിരുന്ന ആളുകളും ചിതറിയോടി.












deshabhimani section

Related News

View More
0 comments
Sort by

Home