സയൻസ് അൺലിമിറ്റഡ്; വിജ്ഞാനത്തിന്റെ വിസ്‌മയക്കാഴ്‌ചകളുമായി സയൻസ് സെന്റർ ഒരുങ്ങുന്നു

Kottayam Science City

കോട്ടയം സയൻസ് സിറ്റി

avatar
ജ്യോതിമോൾ ജോസഫ്‌

Published on Jun 30, 2025, 12:43 PM | 2 min read

കോട്ടയം: സംഗീതം പകരുന്ന മാസ്‌മരികതയിൽ ഭ്രമിക്കാത്തവരുണ്ടാകില്ല, എന്നാൽ ആ ശബ്‌ദമാധുരിയിൽ അലിയുക എന്നതിനപ്പുറം കാണാൻ കഴിയുമോ? ‘ശബ്‌ദത്തിന്റെ ദൃശ്യാവിഷ്‌കാരം’ സാധ്യമാണ്‌ എന്നാണ്‌ ഉത്തരം. ഗിത്താർ തന്ത്രികൾ പൊഴിക്കുന്ന മനോഹര സംഗീതം, ആ തന്ത്രികളെ സ്‌കാൻ ചെയ്യുമ്പോൾ തരംഗരേഖകളായി ശബ്‌ദം ദൃശ്യമാകും. പ്രത്യേക പിച്ചിൽ ശബ്‌ദം പുറപ്പെടുവിക്കുന്ന ‘മ്യൂസിക്കൽ ട്യൂബുകൾ’, ഇലക്‌ട്രോണിക്‌ സർക്യൂട്ടിന്റെ നിയന്ത്രണത്തിൽ കൈപ്പത്തിയുടെ ചലനത്തിനൊത്ത്‌ ‘വായുവിലൊഴുകുന്ന സംഗീതം’ എന്നുതുടങ്ങി കേൾക്കുമ്പോൾ അതിശയം തോന്നിപ്പിക്കുന്ന ഈ ശാസ്‌ത്ര കൗതുകങ്ങൾ ഒളിഞ്ഞിരിക്കുന്നത്‌ കുറവിലങ്ങാട്‌ കോഴാ സയൻസ്‌സിറ്റിയിലെ സയൻസ്‌ സെന്ററിലാണ്‌. ഫൺസയൻസ്‌, എമർജിങ്‌ ടെക്‌നോളജി, സയൻസ്‌ പാർക്ക്‌ എന്നിങ്ങനെ വിജ്ഞാനത്തിന്റെ വിസ്‌മയക്കാഴ്‌ചകളിലേക്കുള്ള യാത്ര.


സയൻസ് സെന്റർ പ്രവർത്തന സജ്ജം


ഉന്നതവിദ്യാഭ്യാസ വകുപ്പിന്‌ കീഴിലുള്ള കേരള ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായാണ്‌ സയൻസ് സെന്റർ ശാസ്‌ത്രലോകത്തെ അത്ഭുതങ്ങളിലേക്ക്‌ മിഴിതുറക്കുന്നത്‌. സമൂഹത്തിൽ ശാസ്ത്ര അവബോധം വളർത്തുവാനും ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള ആഭിമുഖ്യം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ്‌ സയൻസ്‌ സിറ്റി യാഥാർഥ്യമാക്കുന്നത്‌.


കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ സയൻസ് സിറ്റിയിലെ സയൻസ്‌ സെന്റർ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. കുറവിലങ്ങാട് പഞ്ചായത്തിലെ കോഴയിലാണ് സർക്കാർ അനുവദിച്ച 30 ഏക്കറിൽ സയൻസ് സിറ്റി യാഥാർഥ്യമാകുന്നത്.


SCIENCE CITTY VISUALISING SOUND


ശാസ്ത്ര ഗ്യാലറികൾ, ത്രിമാന പ്രദർശന തിയറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നവേഷൻ ഹബ്‌ എന്നിവ ഉൾക്കൊള്ളുന്ന സയൻസ് സെന്ററാണ്‌ പ്രധാന ഭാഗം. പദ്ധതി പ്രദേശത്ത് 47,147 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ പല വിഭാഗങ്ങളിലായാണ് പ്രദർശനം. ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും കുറവിലങ്ങാട് പഞ്ചായത്തിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ അപൂർവയിനം വനസുഗന്ധവ്യഞ്ജനങ്ങൾ ഉൾക്കൊള്ളിച്ച്‌ നിർമിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രവർത്തനങ്ങളും ദ്രുതഗതിയിലാണ്‌.


ഇവിടെ എന്തെല്ലാം


ഫൺ സയൻസ് ഗ്യാലറി

കൺമുന്നിൽ കാണുന്നതെല്ലാം വിശ്വസിക്കാൻ കഴിയാത്ത വിധത്തിൽ ഭാവനാ സമ്പന്നമായ സൃഷ്‌ടികളിലൂടെ കാഴ്‌ചക്കാരെ ആകർഷിക്കുന്നതാണ്‌ ഫൺ സയൻസ് ഗ്യാലറി. ശാസ്ത്രത്തിന്റെ തത്വങ്ങളും അതിന്റെ പ്രായോഗിക വശങ്ങളും ഗ്യാലറി പ്രതിപാദിപ്പിക്കുന്നു. അമ്പതോളം ഇനങ്ങളാണ്‌ വിവിധ ശാസ്ത്രശാഖയുടെ കീഴിൽ ഇവിടെയുള്ളത്‌. ഇലക്ട്രോമാറ്റിക്‌ തിയറി, സൗണ്ട് ഓഫ് മ്യൂസിക്, ബ്രെയിൻ ഗെയിംസ്, മാത്തമാറ്റിക്കൽ വർക്‌സ് എന്നീ ശാഖകളായാണ്‌ ശാസ്‌ത്രവിസ്‌മയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌. കലെയ്‌ഡോസ്‌കോപ്പ്‌, അന്തമില്ലാത്ത കിണർ, ഫ്രോസൺ ഷാഡോ, കളർ ഷാഡോ, രസകരമായ കണ്ണാടികൾ, വളയുന്ന തുരങ്കം, ഓർബിറ്റ്‌ ബൈക്ക്‌, ഗ്രഹ ചലനം, താലത്തിൽ തല, മലകയറുന്ന കോൺ എന്നിങ്ങനെ രസകരമായ ഇനങ്ങൾ ഇവിടെയുണ്ട്‌.


SCIENCE CITTY SOUND OF MUSICഫൺ സയൻസിന്റെ ഭാ​ഗമായി ഒരുക്കിയ സൗണ്ട് ഓഫ് മ്യൂസിക്


എമെർജിങ് ടെക്നോളജി

കുട്ടികളുടെ പാർക്ക്‌ ഉൾപ്പെടെ ക്രമീകരിച്ചിരിക്കുന്ന ഇവിടെ അഗ്രികൾച്ചറൽ സെക്ഷൻ, മെഡിക്കൽ സെക്ഷൻ, മെറ്റീരിയൽ സയൻസ് സെക്ഷൻ, എനർജി, ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ, സ്പെയ്സ് സയൻസ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രദർശനം ഒരുക്കിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഓർഗൻസും അതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.


Dinosaur Enclave Science Cityദിനോസർ എൻക്ലേവ്


മറൈൻ സയൻസ്, ത്രിഡി തിയറ്റർ

അക്വേറിയം ഉൾപ്പെടെ സമുദ്രാന്തർ ഭാഗത്തെ കാഴ്ചകളാണ്‌ ഇവിടെയുള്ളത്‌. അമ്പതോളം ഇനങ്ങളുണ്ട്‌. ത്രിഡി തിയറ്ററിൽ സമുദ്രാന്തർ ഭാഗത്തെ കാഴ്ചകളും ആകാശകാഴ്ചകളും ത്രിമാന വീഡിയോ പ്രദർശനത്തിലൂടെ ആസ്വദിക്കാം.


SCIENCE CITTY MARIANമറൈൻ സയൻസ് ​ഗാലറി


സയൻസ് പാർക്കും ദിനോസർ എൻക്ലേവും

ഫിസിക്സ്‌ പ്രവർത്തന തത്വം ആധാരമാക്കി പ്രവർത്തിക്കുന്ന ഉപകാരണങ്ങളാണ്‌ ഏറെയും. ഗ്രാവിറ്റി ചെയർ, ടിക്‌–- ടാക്‌–- ടോ, ബക്കിബോൾ ക്ലൈമ്പർ, ലിത്തോഫോൺ, പ്രതിധ്വനിക്കുഴൽ, കുശുകുശുക്കുന്ന പൂന്തോട്ടം, സംഗീതക്കുഴലുകൾ, ഏറ്റവും ദൈർഘ്യം കുറഞ്ഞ പാത തുടങ്ങി 32ൽ പരം പ്രദർശനങ്ങളാണ്‌ ഇവിടെയുള്ളത്‌. ഇതോടനുബന്ധിച്ചാണ്‌ ദിനോസർ ശിൽപ്പങ്ങൾ അടങ്ങുന്ന ദിനോസർ എൻക്ലേവും.


SCIENCE CITTY SPACE MISSIONസ്പെയ്സ് സയൻസ് വിഭാ​ഗം


ആക്ടിവിറ്റി സെന്റർ എക്സിബിഷൻ ഹാൾ

ആക്ടിവിറ്റി സെന്ററിൽ കുട്ടികൾക്ക്‌ പരീക്ഷണങ്ങൾ നടത്താം. അതിനുവേണ്ട സാമഗ്രികളുമുണ്ട്‌. എക്സിബിഷൻ ഹാളിൽ സ്റ്റിൽ മോഡലുകളാണ്‌ പ്രദർശിപ്പിച്ചത്‌. വിവിധ ശാസ്ത്രങ്ങളുടെ തിയറികളും പ്രസന്റേഷനും ഇവിടെയുണ്ട്‌.


പദ്ധതിയുടെ രണ്ടാംഘട്ടം


രണ്ടാംഘട്ടത്തിൽ മോഷൻ സിമുലേറ്റർ, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്ചൽ റിയാലിറ്റി തീയറ്ററുകൾ, പ്രകാശ ശബ്ദ സമന്വയ പ്രദർശനം, ജലധാര, വാനനിരീക്ഷണ സംവിധാനം എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്‌. പദ്ധതിക്കായി 50 കോടി ഇതിനകം സംസ്ഥാന സർക്കാർ ചെലവഴിച്ചു. രണ്ടാംഘട്ടത്തിന്‌ 45 കോടിയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്‌.


തിങ്കളാഴ്‌ച അവധി


സയൻസ്‌ സിറ്റിയിൽ പൊതുജനങ്ങൾക്കും പ്രവേശിക്കാം. തിങ്കളാഴ്‌ച അവധിയായിരിക്കും. ദിവസവും രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ പ്രവേശനം. കുട്ടികൾക്ക്‌ 20 രൂപയും മുതിർന്നവർക്ക്‌ 30 രൂപയുമാണ്‌ പ്രവേശനഫീസ്‌.


ചിത്രങ്ങൾ: ജിഷ്ണു പൊന്നപ്പൻ



deshabhimani section

Related News

View More
0 comments
Sort by

Home