കോട്ടയം നഴ്സിങ് കോളേജ് റാ​ഗിങ്; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

ragging-at-nursing-school-in-kottayam
വെബ് ഡെസ്ക്

Published on Feb 19, 2025, 03:21 PM | 1 min read

കോട്ടയം: കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയെ അതിക്രൂരമായ റാ​ഗിങ്ങിന് ഇരയാക്കിയ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയ്ക്ക് അനുമതി നൽകിയത്. മൂന്നാം വർഷ വിദ്യാർഥികളായ മൂന്നിലവ് കീരിപ്ലാക്കൽ സാമുവേൽ(20), വയനാട് പുൽപ്പള്ളി ഞാവലത്ത് വീട്ടിൽ ജീവ(19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജിൽ ജിത്ത്(20), മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ്(22), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് വിവേക്(21) എന്നിവരാണ് ഒന്നാം വർഷ വിദ്യാർഥികളെ ക്രൂരമായി ഉപദ്രവിച്ചത്.


സംഭവത്തിൽ ഇവരെ കഴിഞ്ഞ ദിവസം ഏറ്റുമാനൂർ മുൻസിഫ്‌ കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. നിലവിൽ വിദ്യാർഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. നഴ്സിങ് പഠനത്തിന് ഇവർ അർഹരല്ലെന്നും തുടർ പഠനത്തിൽ നിന്നും വിലക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നഴ്സിങ് കൗൺസിൽ ​ഗവൺമെന്റ് നഴ്സിങ് കോളേജ് അധികൃതർക്കും, സംസ്ഥാന ആരോ​ഗ്യ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.


കോട്ടയം മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ഗവ. നഴ്‌സിങ്‌ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കെതിരെ അതിക്രൂരമായ റാഗിങാണ് നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർഥിയുടെ ശരീരത്തിൽ കോമ്പസ് കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. പലതവണ കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർഥികൾ വേദനിച്ച് നിലവിളിച്ചിട്ടും ഉപദ്രവം തുടർന്നു. വിദ്യാർഥികളുടെ കാലിലും മുറിവുകളിലും ലോഷൻ ഒഴിച്ചു. സ്വകാര്യ ഭാ​ഗങ്ങളിലടക്കം മുറിവേൽപ്പിച്ചു. കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂര മർദനം. നഗ്നരാക്കി നിർത്തുകയും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിപ്പെടുത്തിയുമായിരുന്നു പീഡനം. നിലവിളിക്കുമ്പോൾ വായിൽ ക്രീമും കലാമിൻ ലോഷനും ഒഴിച്ചെന്നും വിദ്യാർഥികൾ പരാതിയിലും പറഞ്ഞിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Home