കോട്ടയം മെഡിക്കൽ കോളേജ് ; സർജിക്കൽ ബ്ലോക്ക് തുറന്നു

ജ്യോതിമോൾ ജോസഫ്
Published on Jul 05, 2025, 12:30 AM | 1 min read
കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ സർജിക്കൽ ബ്ലോക്ക് പ്രവർത്തനസജ്ജം. തകർന്ന കെട്ടിടത്തിന് സമീപം പ്രവർത്തിച്ച മുഴുവൻ വാർഡുകളും പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി. ഇതോടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആശങ്കയ്‌ക്കും അറുതിയായി. 10, 11, 12, 13, 14, 15, 17, 24 വാർഡുകളും റേഡിയോ ഡയഗ്നോസിസ് വകുപ്പും സെൻട്രൽ സ്റ്റെറൈൽ സപ്ലൈ വകുപ്പുമാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. മൂന്നാംനിലയിലാണ് വാർഡുകൾ.
വ്യാഴം വൈകിട്ട് തന്നെ വാർഡുകൾ പൂർണ സജ്ജമാക്കി രോഗികളെ മാറ്റിയിരുന്നു. വെള്ളിയാഴ്‌ച ഉപകരണങ്ങളടക്കം പുതിയ ബ്ലോക്കിലെത്തിച്ചു. പഴയ സർജിക്കൽ ബ്ലോക്കിലെ അപകടാവസ്ഥ മുന്നിൽകണ്ടാണ് എട്ട് നിലയുള്ള പുതിയ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഇടപെട്ട് അടിയന്തരമായി നടത്തിയത്. കിഫ്‌ബി ഫണ്ടിൽനിന്നുള്ള 257 കോടി മുടക്കിയായിരുന്നു നിർമാണം. 565 കിടക്കകൾ, 44 ഐസിയു കിടക്കകൾ, 16 ഓപറേഷൻ തിയറ്ററുകളുമടക്കം അത്യാധുനിക സൗകര്യങ്ങളും സജ്ജീകരിച്ചു. പഴയ കെട്ടിടത്തിൽ ആറ് വാർഡുകളിലായി 360 കിടക്കകളും 18 ഐസിയു കിടക്കകളുമായിരുന്നു.
പുതിയ സർജറി ബ്ലോക്കിനും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനുമായി 536 കോടിയാണ് കിഫ്‌ബിവഴി അനുവദിച്ചത്. 2021 സെപ്‌തംബറിൽ നിർമാണമാരംഭിച്ചു. പണിപൂർത്തിയാക്കി ഇവിടേക്ക് പൂർണമായും മാറാനുള്ള പ്രക്രിയ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുമ്പോഴാണ് 11, 14, 10 വാർഡുകളോട് ചേർന്നുള്ള ശുചിമുറി കെട്ടിടം തകർന്നത്. മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ അടിയന്തര സാഹചര്യത്തിൽ രോഗികളെ ഉടനടി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുമായി. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ 30 ശതമാനം നിർമാണവും പൂർത്തിയാക്കി.









0 comments