കോട്ടയം ഇരട്ടക്കൊലപാതകം: പ്രതി വീടിനെ കുറിച്ച് നല്ല അറിവുള്ളയാളെന്ന് പൊലീസ്

കോട്ടയം: കോട്ടയം തിരുവാതിൽക്കലിൽ ഇരട്ടക്കൊലപാതകം നടത്തിയത് വീടിനെ കുറിച്ച് നല്ല അറിവുള്ളയാളാണെന്ന് ജില്ലാ പൊലീസ് മേധാവി എസ് ഷാഹുൽ ഹമീദ്. വീട്ടിൽ സിസിടിവി ക്യാമറകളുണ്ടെങ്കിലും സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് നഷ്ടപ്പെട്ടിട്ടുണ്ട്. അമ്മിക്കല്ല് കൊണ്ടു വാതിൽ തകർക്കാനാണ് പ്രതി അകത്ത് കടന്നതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകമെന്നും പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. പ്രഫഷനൽ രീതി കൊലപാതകത്തിനില്ല. വിജയകുമാറിനെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കോടാലി വീട്ടിലെ ഔട്ട് ഹൗസിൽ നിന്നെടുത്താണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയകുമാർ (64), ഭാര്യ മീര(60) എന്നിവരെ ചൊവ്വാഴ്ച രാവിലെയാണ് വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഏതാനും മാസങ്ങൾക്കു മുമ്പ് അസം സ്വദേശിയായ ജീവനക്കാരൻ അമിതിനെതിരെ ഫോൺ മോഷണത്തിനു കേസുടുക്കുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇയാൾ ജയിൽവാസം കഴിഞ്ഞ് ഈ അടുത്താണ് പുറത്തിറങ്ങിയത്.









0 comments