കോട്ടയം ഇരട്ടക്കൊലപാതകം: മരണകാരണം തലക്കേറ്റ ക്ഷതം

കോട്ടയം : തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. വിജയകുമാറിന്റെയും മീരയുടെയും മരണത്തിന് കാരണം തലക്കേറ്റ ക്ഷതമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. തലക്കേറ്റ ക്ഷതം മൂലം രക്തസ്രാവം ഉണ്ടായി. വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയകുമാർ (64), ഭാര്യ മീര(60) എന്നിവരെ ചൊവ്വാഴ്ച രാവിലെയാണ് വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഏതാനും മാസങ്ങൾക്കു മുമ്പ് അസം സ്വദേശിയായ ജീവനക്കാരൻ അമിതിനെതിരെ ഫോൺ മോഷണത്തിനു കേസുടുക്കുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇയാൾ ജയിൽവാസം കഴിഞ്ഞ് ഈ അടുത്താണ് പുറത്തിറങ്ങിയത്.









0 comments