തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അമിതിനെ റിമാൻഡ് ചെയ്തു

കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക്ക കേസിലെ പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ മെയ് എട്ട് വരെ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം തൃശൂർ മാളയിൽ നിന്നാണ് അമിതിനെ പൊലീസ് പിടികൂടിയത്.
അതേസമയം പ്രതി അമിത് ഉറാങ് കൊലപാതകം നടത്തിയ ശേഷം സിസിടിവി ഡിവിആർ ഉപേക്ഷിക്കാൻ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊലപാതകം നടത്താൻ പ്രതി അമിത് വീട്ടിലേക്ക് പോകുന്നതും തിരിച്ച് പോയതും ഒരേ വഴിയിൽ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. പ്രതി കൊലപാതകം ചെയ്ത ശേഷം വീട്ടിൽ നിന്നു ഇറങ്ങിയത് 3.30ന് ശേഷമാണ്. പ്രദേശത്തുള്ള വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. ഉറാങ്ങിന്റെ ലക്ഷ്യം വിജയകുമാർ മാത്രമായിരുന്നന്ന് ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് പറഞ്ഞു. സമീപമുറിയിൽ കിടന്നിരുന്ന ഭാര്യ മീര ഉണർന്നതിനാലണ് അവരെയും കൊലപ്പെടുത്തിയത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.









0 comments