print edition കൂത്തുപറമ്പിന്റെ ഹൈടെക് ഹോസ്‌പിറ്റൽ

സുപ്രിയ സുധാകർ
Published on Nov 13, 2025, 03:18 AM | 1 min read
കണ്ണൂർ
ആരോഗ്യ മേഖലയിലെ സർക്കാർ ഇടപെടലിന് നൂറു മാർക്കിടും നീർവേലി കണ്ടംകുന്നിലെ പേഴ്സി ശ്രീജേഷ് സാമുവൽ. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ പേഴ്സി 2003ലാണ് വൃക്കരോഗ ബാധിതനായത്. രണ്ടു വർഷത്തിനുശേഷം വൃക്ക മാറ്റിവച്ചു. 2016ൽ വീണ്ടും രോഗം പിടിപെട്ടതോടെ ഡയാലിസിസ് തുടങ്ങി. ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു. രാവിലെ ആറിന് പോയാൽ രാത്രി പതിനൊന്നാകും തിരിച്ചെത്താൻ. മൂന്നുവർഷം അങ്ങനെപോയി.
"കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങിയത് വലിയ ആശ്വാസമായി. അന്നുമുതൽ ഇവിടെയാണ് ഡയാലിസിസ് നടത്തുന്നത്. ആറുവർഷമായി തുടരുന്നു. മരുന്നുകളും സൗജന്യമായി കിട്ടും’– കൂത്തുപറമ്പ് ആശപത്രിയിൽ ആദ്യ ഡയാലിസിസിന് വിധേയനായ പേഴ്സി പറഞ്ഞു.
ഇവിടെ 12 നിലയുള്ള മൾട്ടിസ്പെഷ്യാലിറ്റി ബ്ലോക്ക് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 59.23 കോടി രൂപ ചെലവിൽ താലൂക്കുതലത്തിൽ നിർമിച്ച ഏറ്റവും വലിയ ആശുപത്രിക്കെട്ടിടമാണിത്. വിശാലമായ ലോഞ്ച്, ആറു ലിഫ്റ്റ്, 20 കിടക്കയുള്ള അത്യാഹിതവിഭാഗം, നാലു ഓപ്പറേഷൻ തിയറ്റർ, മെഡിക്കൽ–സർജിക്കൽ ഐസിയുകൾ, 171 കിടക്കയുള്ള വാർഡുകൾ, ഡിജിറ്റൽ മാമോഗ്രാം ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. 2019ൽ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയാണ് കെട്ടിടത്തിന് കല്ലിട്ടത്.









0 comments