കൂരിയാട്‌ ദേശീയപാത തകർച്ച ; നിർമാണ കമ്പനിക്ക്‌ 
ഗുരുതര വീഴ്‌ച : 
വിദഗ്ധ സമിതി

kooriyad NH road
വെബ് ഡെസ്ക്

Published on May 30, 2025, 03:37 AM | 1 min read


ന്യൂഡൽഹി/ കൊച്ചി

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ നിർമാണകമ്പനികൾക്കുണ്ടായത് ഗുരുതര വീഴ്‌ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. കേന്ദ്ര സർക്കാരിനും കേരള ഹൈക്കോടതിയിലും സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സംരക്ഷണ ഭിത്തിയടക്കം തകർന്ന ഭാഗത്തെ ഒരു കിലോമീറ്റർ റോഡ് പൂർണമായും പുനർനിർമിക്കണമെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്. നിർഭാഗ്യകരമായ സംഭവമാണിതെന്ന്‌ ട്രാൻസ്‌പോർട്ട് സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭൂമിയുടെ പ്രത്യേകതകൾ പരിഗണിച്ച്‌ റോഡ് നിർമാണത്തിൽ ആവശ്യമായ മണ്ണ് പരിശോധനയടക്കം ഫലപ്രദമായി നടത്തിയില്ല. നിർമാണക്കമ്പനിയടക്കമുള്ള ഏജൻസികൾക്ക് വൻവീഴ്‌ചയുണ്ടായി. കൂരിയാട്ടെ നെൽപ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ല. ഡിസൈനിലും വൻ തകരാറ് സംഭവിച്ചതായും സമിതി കണ്ടെത്തി.


അതേസമയം, ഗുരുതര വീഴ്‌ചയുണ്ടായെന്ന് പാർലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി(പിഎസി)യിൽ ദേശീയപാത അതോറിറ്റിയും കേന്ദ്രഗതാഗത വകുപ്പും തുറന്നുസമ്മതിച്ചു. ഡിസൈനിലടക്കം വീഴ്‌ചയുണ്ടായി. ടെൻഡർ വ്യവസ്ഥകളിലെ വീഴ്‌ചയും വിശദീകരിച്ചു. ഗതാഗത മന്ത്രാലയം സെക്രട്ടറി ഉമാശങ്കർ കമ്മിറ്റിക്ക് മുമ്പാകെ നേരിട്ടെത്തി. നിർമാണത്തിലെ ക്രമക്കേടും പിഴവും കണ്ടെത്തുന്നതിനായി ഹൈപെർഫോമൻസ്‌ ഓഡിറ്റ്‌ നടത്താൻ സിഎജിക്ക്‌ പിഎസി നിർദേശം നൽകി.


ദേശീയപാതാ അതോറിറ്റി സംഘം അടിയന്തരമായി ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ പരിശോധന നടത്തണം. പാലക്കാട് ഐഐടി, ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ, സെൻട്രൽ റോഡ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ പ്രതിനിധികളടങ്ങുന്ന സാങ്കേതിക സംഘവും രൂപീകരിച്ചിട്ടുണ്ട്. ഇവരും റിപ്പോർട്ട് കൈമാറണം. കോടികൾ ചെലവഴിച്ച് നടത്തുന്ന നിർമാണങ്ങളുടെ പുരോഗതിയും ഗുണമേന്മയും വിലയിരുത്താൻ സാങ്കേതിക വിദഗ്ധർപോലും ഉണ്ടായിരുന്നില്ലെന്നും പിഎസി വിലയിരുത്തി. ഭൂപ്രദേശത്തിന്റെ സവിശേഷത വിലയിരുത്താതെയുള്ള നിർമാണം രാജ്യവ്യാപകമായ ടെൻഡർ ക്രമക്കേടുകൾ വെളിപ്പെടുത്തുന്നതാണെന്ന സംശയവും പിഎസി പ്രകടമാക്കി. ഈ സാഹചര്യത്തിലാണ്‌ സിഎജി ഓഡിറ്റിനുള്ള നിർദേശം.



Tags
deshabhimani section

Related News

View More
0 comments
Sort by

Home