'1000 രൂപ കൊടുത്താൽ കൂടെ കഴിയാൻ ആളെ കിട്ടുമെന്നാണ് അയാൾ പറയുന്നത്': കൊല്ലത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ വാക്കുകൾ

kollamreshma
വെബ് ഡെസ്ക്

Published on Nov 09, 2025, 11:06 AM | 1 min read

കൊല്ലം: ആലപ്പുഴയിലെ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കൊല്ലം സ്വദേശിനിയായ രേഷ്മ (29) യാണ് ആലപ്പുഴ, പുന്നപ്രയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിൻ്റെ വഴിവിട്ട ബന്ധങ്ങളും കടുത്ത മാനസിക പീഡനവുമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. 2018 മാർച്ചിലാണ് രേഷ്മ വിവാഹിതയായത്.


രേഷ്മയുടെ സംസ്കാരച്ചടങ്ങുകളില്‍ ഭര്‍തൃവീട്ടുകാര്‍ പങ്കെടുത്തില്ല. പൊലീസിന്‍റെ സഹായത്തോടെയാണ് ആറു വയസുള്ള മകനെ സംസ്കാരത്തിനു കൊണ്ടു വന്നതെന്നും കുടുംബം പറഞ്ഞു.


മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഭർതൃവീട്ടിൽ താൻ നേരിടുന്ന അവഗണനയും ദുരിതങ്ങളും രേഷ്മ പിതാവിനോട് ഫോണിലൂടെ സംസാരിച്ചിരുന്നു. 1000 രൂപ കൊടുത്താൽ കൂടെ കഴിയാൻ ആളെ കിട്ടുമെന്ന് വരെ പറഞ്ഞതായും രേഷ്മ അച്ഛനോട് പറയുന്നുണ്ട്.


‘സന്തോഷത്തോടെ ജീവിക്കാനൊന്നും ഇവര്‍ സമ്മതിക്കില്ല. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നിൽക്കുന്നത്? എന്‍റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞാന്‍ പ്രാപ്തയാണ്. കുഞ്ഞിനെ വളര്‍ത്താന്‍ എനിക്ക് പറ്റും. ആണ് ഉണ്ടെങ്കില്‍ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാന്‍ പറ്റൂ എന്നുണ്ടോ? ഞാന്‍ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം.


ഇയാള്‍ സ്വര്‍ണമെല്ലാം എടുത്ത് തരുമ്പോള്‍ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീര്‍ത്ത് മിച്ചമുണ്ടെങ്കില്‍ അതുകൊണ്ട് ഞാന്‍ ജീവിച്ചോളാം. ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാന്‍ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്’’


‘1000 രൂപ കൊടുത്താല്‍ അയാള്‍ക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്നാണ് പറയുന്നെ. അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കിനി സഹിക്കാന്‍ വയ്യ. അയാൾ മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ ഞാനെന്ത് ചെയ്യാനാ. അയാള്‍ മാറിയിട്ടില്ല. അയാള്‍ എന്‍റെ പിറന്നാളിനൊക്കെ കേക്ക് മുറിച്ചപ്പോ ഞാനെത്ര മാത്രം സന്തോഷിച്ചെന്ന് അറിയാമോ? പക്ഷേ അതൊക്കെ അയാളുടെ വെറും അഭിനയമായിരുന്നു. 300 രൂപയുടെ കേക്ക് മേടിച്ചോണ്ട് വന്നപ്പോ.. ഞാനെന്റെ... എനിക്ക് പറയാന്‍ അറിയത്തില്ലച്ഛാ..ആഹാരം കഴിക്കുന്നതിനുവരെ കണക്കല്ലേ ഇവിടെ. അയാളുടെ അച്ഛന്‍ എന്‍റെ മുഖത്ത് നോക്കി പറഞ്ഞതാ, അയാളുടെ ചെലവിലാ ഞാന്‍ നില്‍ക്കുന്നതെന്ന്... മടുത്തു’ അച്ഛനുമായുള്ള ഫോൺ സംഭാഷണത്തിൽ രേഷ്മ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home