കൊല്ലത്തെ വിദ്യാർഥിയുടെ കൊലപാതകം; പോസ്‌റ്റ്‌മോർട്ടം ഇന്ന്

തേജസ് രാജ്, ഫെബിൻ ജോർജ്
കൊല്ലം: കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ പോസ്റ്റ്‌മോർട്ടം ഇന്ന്. കൊല്ലപ്പെട്ട ഫ്ലോറി ഡെയ്‌ലിൽ ഗോമസിന്റെ മകൻ ഫെബിൻ ജോർജിന്റെയും (21), കൃത്യത്തിനുശേഷം ട്രെയിനിനു മുന്നിൽ ചാടി മരിച്ച ചവറ നീണ്ടകര പുത്തൻതുറ തെക്കടത്ത് വീട്ടിൽ രാജുവിന്റെ മകൻ തേജസ് രാജിന്റെയും (23) പോസ്റ്റ് മോർട്ടമാണ് ഇന്ന് നടക്കുക.
തേജസ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെയായിരുന്നുവെന്നും എന്നാൽ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല. പെൺകുട്ടിയെ കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ആയിരുന്നു തേജസിന്റെ നീക്കം. പെൺകുട്ടി സ്ഥലത്തില്ലെന്ന് അറിഞ്ഞതോടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ പ്രതി വീട്ടിൽ ഒഴിക്കുകയായിരുന്നു. ഈ സമയത്ത് ഫെബിനും പിതാവും വീട്ടിലിരുന്ന് പേരയ്ക്ക കഴിക്കുകയായിരുന്നു. പേരയ്ക്ക മുറിച്ചിരുന്ന കത്തികൊണ്ടാണ് ഫെബിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഗോമസിനും പരിക്ക് പറ്റി. തിങ്കൾ വൈകിട്ട് ആറോടെ പർദ ധരിച്ചാണ് തേജസ് രാജ് വീട്ടിൽ അതിക്രമിച്ചു കയറിയത്.
കുത്തേറ്റ് ഫെബിൻ നിലത്തുവീണതോടെ തേജസ് കാറിൽ കയറി രക്ഷപ്പെട്ടുകയായിരുന്നു. കൃത്യത്തിനുശേഷം ഏഴരയോടെ ചെമ്മാൻമുക്ക് റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്തെത്തിയ തേജസ് ട്രെയിനിനു മുന്നിൽ ചാടി മരിക്കുകയായിരുന്നു. തേജസിന്റെ കാർ സമീപത്ത് റോഡിൽ നിർത്തിയിട്ട നിലയിലായിരുന്നു. ഇരുവരുടെയും മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
0 comments