print edition ചണ്ടി ഡിപ്പോ ഐടി പാർക്കാകും

കൊല്ലം കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ ഹരിത കർമ സേനാംഗങ്ങൾ മാലിന്യം വേർതിരിക്കുന്നു ഫോട്ടോ: എം എസ് ശ്രീധർലാൽ
എം അനിൽ
Published on Nov 15, 2025, 02:30 AM | 1 min read
കൊല്ലം
‘മാമൂട്ടിൽകടവ് എന്നുകേട്ടാൽ ആരുമിങ്ങോട്ടു വരില്ല. കുടുംബങ്ങളിൽ കല്യാണംപോലും നടക്കില്ലായിരുന്നു. സദ്യവിളമ്പിയാൽ ഇലയിൽ മണിയനീച്ച വന്നിരിക്കും. ഇന്നതെല്ലാം മാറി. മാലിന്യം വേർതിരിക്കാൻ സംവിധാനമായി. ഇവിടിപ്പോൾ പൂക്കൃഷിയായി. കുറേപേർക്ക് ജോലിയായി. ഞങ്ങൾ ജീവിതം തിരിച്ചുപിടിച്ചു'-– കൊല്ലം കുരീപ്പുഴ ചണ്ടി ഡിപ്പോയ്ക്ക് സമീപം കച്ചവടം നടത്തുന്ന മറ്റത്ത് വടക്കതിൽ എസ് സുനിലാലിന്റെ വാക്കുകൾ. ഹരിതകേരളം സംവിധാനം മികച്ചതാണെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റമാണുണ്ടായതെന്നും മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്ത മാലിന്യ സംസ്‌കരണ പ്ലാന്റ് ചൂണ്ടിക്കാട്ടി സുനിലാലിനൊപ്പമുള്ളവരും സാക്ഷ്യപ്പെടുത്തി.
അമ്പത് അടിയോളം പൊക്കത്തിൽ മാലിന്യമല ആയിരുന്നു കുരീപ്പുഴ ചണ്ടി ഡിപ്പോ. നാട്ടുകാർ നടത്തിയ പ്രക്ഷോഭം വർഷങ്ങൾ നീണ്ടു. എന്നും സംഘർഷാവസ്ഥ. ഇന്നതെല്ലാം പഴങ്കഥ മാത്രം. ‘ഇപ്പോൾ വീടുകളിൽപോയി മാലിന്യം ശേഖരിച്ചാൽ മതി. കുരീപ്പുഴ പ്ലാന്റിൽ അവ വേർതിരിച്ച് പലയിടത്തേക്ക് സംസ്കരണത്തിനായി പോകുന്നു. ഞങ്ങളുടെ ജോലിഭാരവും കുറഞ്ഞു, നാടും ക്ലീനായി’–ഹരിതകർമ സേനാംഗങ്ങളായ ബെൻസി പെരേരയും തങ്കമണി വിജയനും പറഞ്ഞു.

ബെൻസി ബി പെരേരയും
തങ്കമണി വിജയനും
കുരീപ്പുഴയിൽ അഷ്ടമുടി കായൽത്തീരത്താണ് 5.50 ഏക്കറിൽ മാലിന്യമലയുണ്ടായിരുന്നത്. ബയോ മൈനിങ്ങിലൂടെയാണ് സിഗ്മ ഗ്ലോബൽ കമ്പനി ഇത് നീക്കംചെയ്തത്. ഇവിടെ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള കുരീപ്പുഴ റിസോഴ്സ് റിക്കവറി ഫെസിലിറ്റി മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തത് ഈവർഷം ഓഗസ്ത് 12നാണ്. വേർതിരിക്കുന്ന റീസൈക്കിൾ ചെയ്യാവുന്ന മാലിന്യങ്ങൾ കണ്ണൂർ പ്ലാന്റിലേക്കും റീസൈക്കിൾ ചെയ്യാൻ പറ്റാത്തവ കേരളത്തിനുപുറത്തെ സിമന്റ് ഫാക്ടറികളിലേക്കുമാണ് കൊണ്ടുപോകുന്നത്. മാലിന്യമല നീക്കംചെയ്തിടത്ത് എട്ട് ഏക്കറിൽ ഐടി പാർക്ക് സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.









0 comments