കൊടകര കുഴൽപ്പണം: ഇഡിക്കെതിരെ തിരൂർ സതീഷ്


സ്വന്തം ലേഖകൻ
Published on Feb 01, 2025, 12:00 AM | 1 min read
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ സാക്ഷിയുടെ മൊഴിയെടുക്കാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം അവസാനിപ്പിച്ചതിനെതിരെ മുഖ്യസാക്ഷി തിരൂർ സതീഷ്. സാക്ഷികളെ കാണാതെ ഇഡിക്ക് എങ്ങനെ കള്ളപ്പണക്കേസ് അവസാനിപ്പിക്കാൻ കഴിയുമെന്ന് സതീഷ് ഫെയ്‌സ് ബുക്ക് പോസ്‌റ്റിൽ ചോദിച്ചു. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് അന്വേഷിക്കുന്ന ഇഡി ബിജെപി നേതാക്കൾ നടത്തിയ കള്ളപ്പണമിടപാട് അന്വേഷിക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു.
‘കള്ളപ്പണം പിടിക്കുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രധാന വാഗ്‌ദാനം. എന്നാൽ മോദിയുടെ പാർടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ ആറു ചാക്കിലായി ഒമ്പത് കോടി ഇറക്കിയതിന് ഇന്നും ബിജെപിയിൽ വിശ്വസിക്കുന്ന ഞാൻ സാക്ഷിയാണ്. ഈ പണം ഉപയോഗിച്ച് നേതാക്കൾ ബിനാമികൾ വഴി സ്വത്ത് വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇത് രാജ്യദ്രോഹക്കുറ്റമാണ്. ഇക്കാര്യം പൊതുസമൂഹത്തിൽ വെളിപ്പെടുത്തിയിട്ടും ഇഡി അധികൃതർ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല’–- സതീഷ് ദേശാഭിമാനിയോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ കുഴൽപ്പണക്കടത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ എന്നിവരുടെ പങ്ക് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന സതീഷ് വെളിപ്പെടുത്തിയിരുന്നു.
അന്വേഷണം പൂർത്തിയായെന്നും ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് കഴിഞ്ഞദിവസം ഇഡി ഹൈക്കോടതിയെ അറിയിച്ചത്. കുഴൽപ്പണക്കവർച്ചക്കു ശേഷം നടന്ന കള്ളപ്പണമിടപാടാണ് അന്വേഷിച്ചതെന്നാണ് ഇഡി കോടതിയിൽ അറിയിച്ചത്. പണത്തിന്റെ ഉറവിടം അന്വേഷിച്ചിട്ടില്ലെന്ന് വ്യക്തം.









0 comments