കൊടകര കുഴൽപ്പണക്കേസ്: ഇഡി തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് തിരൂർ സതീഷ്

തൃശൂർ : കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഇതുവരെയും ഇഡി തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ബിജെപിക്കെതിരെ പൊലീസിൽ മൊഴി നൽകിയ ബിജെപി തൃശൂർ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ സാക്ഷിയാക്കിയിട്ടുണ്ടോയെന്ന് അറിയില്ല. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഇഡിയോ മറ്റ് അന്വേഷണ ഏജൻസിയോ ബന്ധപ്പെട്ടാൽ അത് പറയാൻ തയ്യാറാണ്. ചാക്കുകെട്ടുകളിലാണ് ബിജെപി ഓഫീസിൽ പണം എത്തിയത്. അത് അന്വേഷിക്കാൻപോലും ഇഡിക്ക് കഴിവില്ല. ബിജെപി നേതാക്കന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണിതെന്ന് ഇപ്പോൾ വ്യക്തമായി. അന്വേഷകസംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് കുറ്റപത്രം. ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നടന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും താൻ നിയമ പോരാട്ടം തുടരുമെന്നും തിരൂർ സതീഷ് പറഞ്ഞു.
ഇന്ന് ബിജെപിയെ പൂർണമായും വെള്ളപൂശിക്കൊണ്ട് ഇഡി കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലെന്നും വസ്തു വാങ്ങുന്നതിനായി കൊടുത്തുവിട്ട പണം കൊള്ളയടിച്ചെന്നുമാണ് ഇഡിയുടെ ഭാഷ്യം. പൊലീസിന്റെ കണ്ടെത്തലുകളെ തള്ളി കേസിലെ ബിജെപി ബന്ധം മറച്ചുവെച്ചാണ് ഇഡി കുറ്റപത്രം നൽകിയത്. 23 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഭൂമി ഇടപാടിനായുള്ള കള്ളപ്പണമാണ് പിടികൂടിയതെന്നാണ് ഇഡി പറയുന്നത്. കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലാത്തതിനാൽ ഇനി തുടരന്വേഷണം വേണ്ടെന്നുമാണ് ഇഡിയുടെ വാദം. കുഴൽപ്പണക്കേസിലെ ബിജെപി ബന്ധം വ്യക്തമായി വെളിപ്പെടുത്തുന്ന പൊലീസ് റിപ്പോർട്ടിനെ അട്ടിമറിച്ചാണ് ബിജെപിക്കനുകൂലമായി ഇഡി കുറ്റപത്രം സമർപ്പിച്ചത്.
ആലപ്പുഴ തിരുവിതാംകൂർ പാലസിന്റെ വസ്‌തു വാങ്ങുന്നതിന് ഡൈവർ ഷംജീറിന്റെ കൈയ്യിൽ ധർമരാജ് കൊടുത്ത് വിട്ട 3.56 കോടി രൂപ കൊടകരയിൽ വച്ച് കൊള്ളയിക്കപ്പെട്ടുവെന്ന് മാത്രമാണ് ഇഡി കേസ്. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ മൂന്ന് ലക്ഷം രൂപയും എട്ട് ലക്ഷം രൂപയുടെ വസ്തുവും കണ്ടുകെട്ടിയതായും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ബിജെപിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി കർണ്ണാടകത്തിൽ നിന്ന് കൊണ്ടുവന്ന കള്ളപ്പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് കുറ്റപത്രത്തിലുണ്ട്. കുഴൽപ്പണ കവർച്ച സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തിരുന്നു.
കേസെടുത്തിട്ട് നാല് വർഷം തികയുന്നതിന് തൊട്ടു മുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2021 മെയ് അഞ്ചിനാണ് ഇഡി കേസന്വേഷണം ആരംഭിച്ചത്.









0 comments