കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ചത്‌ കൈക്കൂലിക്കേസിലെ ഒന്നാംപ്രതി

Kodakara Hawala Case
avatar
സി എ പ്രേമചന്ദ്രൻ

Published on May 19, 2025, 01:12 AM | 1 min read


തൃശൂർ

വിജിലൻസ്‌ രജിസ്‌റ്റർ ചെയ്‌ത കൈക്കൂലിക്കേസിലെ ഒന്നാംപ്രതിയായ ഇഡി ഉദ്യോഗസ്ഥൻ കൊടകര കുഴൽപ്പണക്കേസ്‌ ബിജെപിക്കായി അട്ടിമറിച്ചയാൾ. കേസൊതുക്കാൻ കശുവണ്ടി വ്യവസായി അനീഷ്‌ ബാബുവിൽനിന്ന്‌ രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയ ഇഡി അസി. ഡയറക്ടർ ശേഖർകുമാറാണ് കൊടകര കുഴൽപ്പണക്കേസ്‌ അന്വേഷിച്ചതും ബിജെപി നേതാക്കളെ ഒഴിവാക്കി എറണാകുളം പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. കൈക്കൂലിക്കേസിൽ ശേഖർകുമാർ പ്രതിയായതോടെ, കുഴൽപ്പണക്കേസ്‌ ഒതുക്കാനും കൈക്കൂലി ഇടപാട്‌ നടന്നിട്ടുണ്ടോ എന്ന സംശയം ഉയരുന്നു.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ബിജെപി ഇറക്കിയ 3.5 കോടിരൂപയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടിരുന്നു. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നിർദേശിച്ചതുപ്രകാരം 53.4 കോടി രൂപയുടെ കുഴൽപ്പണക്കടത്ത്‌ നടന്നതായി കേരള പൊലീസ്‌ കണ്ടെത്തി. കള്ളപ്പണമിടപാട്‌ അന്വേഷിക്കാൻ പൊലീസിന്‌ അധികാരമില്ലാത്തതിനാൽ വിശദമായ റിപ്പോർട്ട്‌ ഇഡിക്ക്‌ കൈമാറി. ബിജെപി നേതാക്കളുടെ പങ്ക്‌ വ്യക്തമാക്കുന്ന കോൾലിസ്‌റ്റും കൈമാറി. എന്നാൽ പണത്തിന്റെ ഉറവിടം അന്വേഷിച്ചില്ല. ഹൈക്കോടതി പലവട്ടം ഇടപെട്ടതോടെ കവർച്ചാക്കേസ്‌ മാത്രമാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചു.


ബിജെപി തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിൽ ആറു ചാക്കിലായി ഒമ്പതുകോടി രൂപയുടെ കള്ളപ്പണം ഇറക്കിയതിന്‌ സാക്ഷിയാണെന്ന്‌ ബിജെപി ഓഫീസ്‌ സെക്രട്ടറിയായിരുന്ന തിരൂർ സതീഷ്‌ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദ റിപ്പോർട്ട്‌ പൊലീസ്‌ കൈമാറിയിട്ടും മൊഴിയെടുക്കാൻ ഇഡി തയ്യാറായില്ല.


ആലപ്പുഴ തിരുവിതാംകൂർ പാലസ്‌ വാങ്ങാൻ ഡ്രൈവർ ഷംജീറിന്റെ കൈയിൽ ബംഗളൂരുവിലെ വ്യവസായി ധർമരാജൻ കൊടുത്തുവിട്ട പണം കവർച്ച ചെയ്യപ്പെട്ടെന്നാണ്‌ ഇഡി കേസ്‌. എന്നാൽ ധർമരാജനും ഡ്രൈവർ ഷംജീറും പൊലീസിന്‌ നൽകിയ പരാതിയിലും പൊലീസ്‌ പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ കോടതിയിൽ സമർപ്പിച്ച ഹർജിയിലും തിരുവിതാംകൂർ പാലസിന്റെ കച്ചവടം പരാമർശിച്ചിട്ടില്ല. ധർമരാജൻ ബിജെപി അനുഭാവിയാണ്‌. ധർമരാജന്‌ കിട്ടിയ പണത്തിന്റെ ഉറവിടവും അന്വേഷിച്ചില്ല. ഇതെല്ലാം ഇഡിക്കെതിരെ സംശയമുനയാകുകയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Home