കൊടകര കുഴൽപ്പണ കേസ്; ഇഡിക്കെതിരെ തിരൂർ സതീഷ് കോടതിയിൽ

സ്വന്തം ലേഖകൻ : തൃശൂർ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ ഒഴിവാക്കി ഇഡി കുറ്റപത്രം നൽകിയതിനെതിരെ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് കോടതിയെ സമീപിച്ചു. തന്റെ മൊഴിയെടുക്കാതെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചതെന്നും രാജ്യദ്രോഹികളായ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് തൃശൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സതീഷ് സ്വകാര്യ അന്യായം ഫയൽചെയ്‌തത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാകമ്മിറ്റി ഓഫീസിൽ ആറു ചാക്കിലായി ഒമ്പത് കോടി രൂപ ഇറക്കിയതായി സതീഷ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ വിശദാംശം പൊലീസ് ഇഡിക്ക് കൈമാറിയിട്ടും ഇഡി സതീഷിന്റെ മൊഴിയെടുത്തിരുന്നില്ല. ശരിയായ അന്വേഷണം നടത്തിയാൽ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പ്രതികളാകുമെന്ന് തിരൂർ സതീഷ് ദേശാഭിമാനിയോട് പറഞ്ഞു. കേരള പൊലീസ് അന്വേഷണത്തിൽ ഇത് കള്ളപ്പണമാണെന്നും പണം വന്ന വഴികളും ആർക്കൊക്കെ പങ്കുണ്ടെന്നും കണ്ടെത്തി. കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് കാണിച്ച് പൊലീസ് കത്ത് നൽകിയിരുന്നു. കള്ളപ്പണക്കടത്ത് സംഘവും ബിജെപി നേതാക്കളും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ കോൾ ലിസ്‌റ്റ് ഉൾപ്പെടെ നൽകിയിട്ടും ഇഡി അത് മുഖവിലയ്‌ക്ക് എടുത്തിട്ടില്ലെന്നും തിരൂർ സതീഷ് പറഞ്ഞു.









0 comments