ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർക്കുലർ സർവീസ് ബുധനാഴ്ച മുതൽ

കൊച്ചി : ഹൈക്കോടതി വാട്ടർ മെട്രോ സ്റ്റേഷനെ കൊച്ചി മെട്രോയുമായും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസ് സർക്കുലർ സർവീസ് ബുധനാഴ്ച ആരംഭിക്കും. ഹൈക്കോടതി വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്നാരംഭിച്ച് ഫാർമസി ജംഗ്ഷൻ വഴി എംജി റോഡ്, മഹാരാജാസ്, ജനറൽ ഹോസ്പിറ്റൽ വഴി ഹൈക്കോടതിയിലേക്ക് എത്തുന്ന വിധത്തിലാണ് സർക്കുലർ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7.45 മുതൽ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. മൂന്ന് ബസുകളാണ് സർവീസ് നടത്തുക. അഞ്ച് കിലോമീറ്ററിന് 20 രൂപയാണ് നിരക്ക്. ഹൈക്കോർട്ട്, എം ജി റോഡ്, മഹാരാജാസ് മെട്രോ സ്റ്റേഷനുകൾ, ജനറൽ ഹോസ്പിറ്റൽ, ജെട്ടി, മേനക എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
62 ദിവസം മുമ്പ് വിവിധ റൂട്ടുകളിലായി ആരംഭിച്ച ഇലക്ട്രിക് ബസ് സർവീസുകളിൽ ഇതേവരെ ഒന്നര ലക്ഷത്തോളം പേർ യാത്രചെയ്തു. ആലുവ- സിയാൽ എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി-കുസാറ്റ്, കളമശേരി- ഇൻഫോപാർക്ക്, കാക്കനാട് വാട്ടർ മെട്രോ- ഇൻഫോപാർക്ക്, കാക്കനാട് വാട്ടർ മെട്രോ-സിവിൽ സ്റ്റേഷൻ എന്നീ റൂട്ടുകളിലായി 9 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.









0 comments