കടമെടുപ്പിൽ 3300 കോടി കേന്ദ്രം കുറച്ചു: മന്ത്രി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപത്തിനും വായ്‌പയ്‌ക്കും ഗ്യാരന്റി നിൽക്കുന്നതിന്റെ പേരിൽ ഈ വർഷം സംസ്ഥാന സർക്കാരിന് വായ്‌പയെടുക്കാവുന്ന തുകയിൽനിന്ന് 3300 കോടി രൂപ കുറച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞദിവസം കേരള ഫിനാൻഷ്യൽ കോർപറേഷൻ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
80,000 കോടി രൂപയ്‌ക്കാണ് സംസ്ഥാനം ഗ്യാരന്റി നിൽക്കുന്നത്. ഇതിന്റെ അഞ്ചു ശതമാനം ഗ്യാരന്റി റിഡംപ്‌ഷൻ ഫണ്ടായി മാറ്റിവയ്‌ക്കണമെന്നാണ് ഈ വർഷം വായ്‌പയെടുക്കുന്നതിനുള്ള നിബന്ധനയായി കേന്ദ്രസർക്കാർ പറഞ്ഞത്. അങ്ങനെ ചെയ്‌തില്ലെങ്കിൽ വായ്‌പയെടുക്കാവുന്നതിൽനിന്ന് വളർച്ച നിരക്കിന്റെ 0.25 ശതമാനം, അതായത് 3300 കോടി രൂപ കുറയ്‌ക്കുമെന്നാണ് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ കത്ത് മുഖാന്തരം അറിയിച്ചത്. ഈ വർഷം ഡിസംബർവരെ 29,529 കോടിയാണ് വായ്‌പയെടുക്കാവുന്നതെന്ന് അറിയിച്ചതിനു പിന്നാലെയാണിത്. കൃത്യമായി ഗാരന്റി കമീഷൻ അടയ്‌ക്കുന്ന സ്ഥാപനമാണ് കെഎഫ്‌സി.
സംസ്ഥാനത്തിന്റെ വിഹിതം കുറയ്‌ക്കുന്നതിനൊപ്പം വായ്‌പയെടുക്കാവുന്ന തുകയുടെ പരിധിയും വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. 2021ൽ രണ്ടാം പിണറായി സർക്കാർ വരുമ്പോൾ 33,000 കോടി രൂപയാണ് പ്രത്യേക ഗ്രാന്റുകളും നഷ്ടപരിഹാരങ്ങളുമൊക്കെയായി കിട്ടിക്കൊണ്ടിരുന്നത്. ഈ വർഷം അത് ആറായിരം കോടിയായി. നേരത്തേ ജിഎസ്‌ഡിപിയുടെ നാലര ശതമാനംവരെ വായ്‌പയെടുക്കാൻ അനുവാദമുണ്ടായിരുന്നു.
ഇപ്പോൾ മൂന്ന് ശതമാനമായി. അതിൽത്തന്നെ കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്‌പയുടെയും മറ്റു നിക്ഷേപങ്ങളുടെയും പേരിൽ വെട്ടിക്കുറച്ചു. പുറമേയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്‌പയുടെ പേരിലുള്ള ഇപ്പോഴത്തെ കുറവ്. എന്തൊക്കെ പ്രതിസന്ധിയുണ്ടാക്കിയാലും അതിജീവിക്കുമെന്നും ധനമന്ത്രി പറഞ്ഞു.









0 comments