ധനമന്ത്രി പരാതി നൽകി: വ്യാജ പ്രചാരണത്തിൽ മാപ്പ് പറഞ്ഞ് തടിയൂരാൻ കലയന്താനി കാഴ്ചകൾ

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ചികിത്സ സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച ഫേസ്ബുക്ക് പേജായ കലയമന്താനി കാഴ്ചകൾ മന്ത്രിയോട് മാപ്പ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വന്ന ഒരു സർക്കാർ ഉത്തരവിന്റെ കോപ്പി അതിന്റെ വസ്തുതയും പശ്ചാത്തലവും അന്വേഷിച്ചു മനസിലാക്കാതെ മറ്റൊരാൾ എഴുതിയ കുറിപ്പിലെ വിവരങ്ങൾ അതിന്റെ വസ്തുത കൃത്യമായി പരിശോധിക്കാതെ ഈ പേജിൽ കൊടുക്കാനിടയായതിലും അതുമൂലം മന്ത്രി ബാലഗോപാലിനുണ്ടായ മാനഹാനിയിലും നിർവ്യാജം ഖേദിക്കുന്നു, ക്ഷമചോദിക്കുന്നു..
ഭാവിയിൽ ഇത്തരം വാർത്തകളോ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ വിമർശനങ്ങളോ കുറിപ്പുകളോ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളോ പോസ്റ്റു ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുന്നതായിരിക്കുമെന്നും പേജ് വ്യക്തമാക്കി.
കലയന്താനി കാഴ്ചകൾ പേജിന്‍റെ ക്ഷമാപണ കുറിപ്പ്
ക്ഷമാപണക്കുറിപ്പ് !
********
സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ 13-05-2024 മുതൽ 14-05-2024 വരെ ഒരുദിവസം കിടന്നുള്ള ചികിൽക്കായി ചെലവാക്കിയ തുക 191601 രുപ
(ഒരുലക്ഷത്തിതൊണ്ണുറ്റിഒരായിരത്തിഅറുനൂറ്റിഒന്ന് രൂപ ) സർക്കാരിൽ നിന്ന് കൈപ്പറ്റി എന്ന് ജൂലൈ 11ന് ഈ പേജിൽ ഒരു കുറിപ്പും അതോടൊപ്പം തുക അനുവദിച്ചുകൊണ്ടുളള സർക്കാർ ഉത്തരവിന്റെ പകർപ്പും കൊടുത്തിരുന്നു. സോഷ്യൽമീഡിയയിൽ മുമ്പ് ഒരാൾ പോസ്റ്റ് ചെയ്ത ഉത്തരവിന്റെയും കുറിപ്പിന്റെയും അടിസ്ഥാനത്തിൽ ഇട്ട പോസ്റ്റായിരുന്നു അത്. എന്നാൽ ആ വാർത്ത വസ്തുതകൾക്ക് വിരുദ്ധവും കൃത്യമായി കാര്യങ്ങൾ മനസിലാക്കാതെയും ദുരുപദിഷ്ടവുമാണ് എന്നും പോസ്റ്റിൽ പറയുന്ന രീതിയിലല്ല ചികിൽസ നടന്നതെന്നും പണം കൈപ്പറ്റിയതെന്നും താൻ കയ്യിൽ നിന്ന് മുടക്കിയ പണം റി ഇമ്പേഴ്സ് ചെയ്ത് തിരികെ വാങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും വാർത്ത തെറ്റിദ്ധാരണജനകമാണെന്നും ധനമന്ത്രി കെ. എൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയുണ്ടായി .
ഹൃദ്രോഗത്തെ തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിൽ താൻ ചികിത്സ തേടിയിരുന്നു എന്നും എന്നാൽ ഇതിലെ ആഞ്ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട്, കേവലം ഒരു ദിവസത്തെ ചികിത്സയ്ക്കായി താൻ വലിയ തുക അനധികൃതമായി കൈപ്പറ്റി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പ്രസ്തുത പേജിൽ ( കലയന്താനി കാഴ്ചകൾ ) പ്രസിദ്ധീകരിച്ച പോസ്റ്റ് എന്നും മന്ത്രി ഫേസ് ബുക്ക് കുറിപ്പിൽ സൂചിപ്പിക്കുകയുണ്ടായി. ഒന്നിലേറെ ദിവസങ്ങൾ മന്ത്രി ആശുപത്രിയിൽ കിടന്നു എന്ന വസ്തുത മറച്ചുവച്ചു ഒരു ദിവസം മാത്രം കിടന്നു എന്ന് തെറ്റിദ്ധരിപ്പിക്കും വിധം എഴുതി എന്നും മന്ത്രി വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ വന്ന ഒരു സർക്കാർ ഉത്തരവിന്റെ കോപ്പി അതിന്റെ വസ്തുതയും പശ്ചാത്തലവും അന്വേഷിച്ചു മനസിലാക്കാതെ മറ്റൊരാൾ എഴുതിയ കുറിപ്പിലെ വിവരങ്ങൾ അതിന്റെ വസ്തുത കൃത്യമായി പരിശോധിക്കാതെ ഈ പേജിൽ കൊടുക്കാനിടയായതിലും അതുമൂലം മന്ത്രി ബാലഗോപാലിനുണ്ടായ മാനഹാനിയിലും നിർവ്യാജം ഖേദിക്കുന്നു, ക്ഷമചോദിക്കുന്നു.. ഭാവിയിൽ ഇത്തരം വാർത്തകളോ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ വിമർശനങ്ങളോ കുറിപ്പുകളോ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളോ പോസ്റ്റു ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുന്നതായിരിക്കും. സോഷ്യൽ മീഡിയയിൽ വരുന്ന മറ്റുള്ളവരുടെ വിമർശന കുറിപ്പുകളോ സർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ വസ്തുത ഉറപ്പ് വരുത്താതെ ഈ പേജിൽ കൊടുക്കുന്നത് ഒഴിവാക്കുന്നതായിരിക്കും. തെറ്റിദ്ധാരണാജനകമായ കുറിപ്പ് മൂലം മന്ത്രിക്കുണ്ടായ മാനഹാനിയിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.
ജൂലൈ 11ന് ഈ പേജിൽ കൊടുത്ത ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:
അതിസമ്പന്നർ പോലും കിടക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
കേവലം ഒരു ദിവസം (24 മണിക്കൂർ ) കിടന്നവകയിൽ ധനമന്ത്രി കെ. എൻ ബാലഗോപാലൻ എഴുതി വാങ്ങിയത് ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി അറുന്നൂറ്റി ഒന്ന് രൂപ (1,91,601/-)
കഴിഞ്ഞവർഷം മേയ് 13 നാണ് ബാലഗോപാലൻ സാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റായത്. പിറ്റേ ദിവസം തന്നെ ഡിസ്ചാർച്ച് ആകുകയും ചെയ്തു .
ഒരു ദിവസം അവിടെ കിടന്നതിന് മന്ത്രിയുടെ പോക്കറ്റിൽ നിന്ന് ചിലവാക്കിയ തുക എന്ന് പറഞ്ഞാണ് മുകളിൽ പറഞ്ഞിരിക്കുന്ന കാശ് എഴുതി എടുത്തിരിക്കുന്നത്.
2024 മേയ് 14 ന് ഡിസ്ചാർജ് ആയ ശേഷം 17 ന് മുഖ്യമന്ത്രിക്ക് പണം തിരികെ കിട്ടാൻ അപേക്ഷ നല്കി.
ജൂലൈ 5 ന് അത് അനുവദിക്കുകയും ചെയ്തു.
ഇവിടുത്തെ 140 MLA മാർക്കും മന്ത്രിമാർക്കും ഇൻഷ്വറൻസ് എടുത്താൽ ഒരുപാട് പണം ലാഭിക്കാൻ കഴിയും സർക്കാരിന് . എന്നാലിവർ അത് ചെയ്യില്ല . അങ്ങനെ ചെയ്താൽ വിദേശത്ത് ചികിത്സ എന്ന് പറഞ്ഞ് കുടുംബ സമേതം ആർമാദിക്കാൻ പോകാൻ പറ്റില്ലല്ലോ ..
കാട്ടിലെ തടി, തേവരുടെ ആന വലിയെടാ വലി.
- മണികണ്ഠൻ
വാൽകഷണം:
"നമ്മുടെ മന്ത്രിമാരുടെ ശമ്പളം 700 രൂപയിൽ നിന്ന് 500 രൂപയായി കുറച്ചിരിക്കുന്നു.
ഇതു ഞാൻ നിങ്ങളോട് ആലോചിക്കാതെയെടുത്ത
തീരുമാനമാണ്. കാരണം, നാട്ടിലെ കർഷകരും കർഷക തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലാണ്. നമുക്കതു കാണാതെ മുന്നോട്ടുപോകാനാവില്ല സഖാക്കളേ... അതുകൊണ്ട് സഹകരിച്ചേ പറ്റൂ."
ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് എടുത്തതായിരുന്നു ആ തീരുമാനം. പക്ഷേ സംസ്ഥാന ബജറ്റിൽ നികുതി വർധന അടിച്ചേൽപ്പിക്കുമ്പോഴും, മന്ത്രിമാരുടെയും വിവിധ വകുപ്പുകളുടെയും ചെലവുകുറയ്ക്കാൻ ഒരു നടപടിയും മന്ത്രിസഭ എടുത്തിട്ടില്ല.
.
Jayesh J സേനൻ
*******
കെ. എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
അങ്ങേയറ്റം തെറ്റായതും ഹീനവുമായ ഒരു പ്രചാരണം എനിക്കെതിരെ നടത്തിയ “കലയന്താനി കാഴ്ചകൾ” എന്ന ഫെയ്സ്ബുക്ക് പേജിനെതിരായി ധനകാര്യവകുപ്പ് മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. ഹൃദ്രോഗത്തെത്തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിൽ ഞാൻ ചികിത്സ തേടിയിരുന്നു. ഇതിലെ ആഞ്ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട്, കേവലം ഒരു ദിവസത്തെ ചികിത്സയ്ക്കായി ഞാൻ വലിയ തുക അനധികൃതമായി കൈപ്പറ്റി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പ്രസ്തുത പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റ്.
“അതിസമ്പന്നർ പോലും കിടക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കേവലം ഒരു ദിവസം (24 മണിക്കൂർ) കിടന്നവകയിൽ ധനമന്ത്രി കെ. എൻ ബാലഗോപാൽ എഴുതി വാങ്ങിയത് ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി അറുന്നൂറ്റി ഒന്ന് രൂപ (1,91,601/-) ” എന്നാരംഭിക്കുന്ന പോസ്റ്റിൽ പറയുന്ന വിവരങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അങ്ങേയറ്റം മോശമായ മനസുകളുടെ ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിച്ചതുമാണ്.
2024 മെയ് 12-നായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി പരിശോധനകള്‍ നടത്തിയ ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഡ്മിറ്റായത്. തുടർപരിശോധനകളിലൂടെ ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തുകയും മെയ് 14-ന് പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുകയും ചെയ്തിരുന്നു. പിന്നീട് മെയ് 17-ന് ഡിസ്ചാര്‍ജ്ജാകുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കു ശേഷം മെഡിക്കൽ കൊളേജിൽ അടച്ച തുകയുടെ റീ ഇംബേഴ്സ്മെൻ്റിനെ സംബന്ധിച്ചാണ് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ ഈ പ്രചാരണം യുഡിഎഫ് – സംഘപരിവാർ അനുകൂല സോഷ്യൽമീഡിയാ ഹാൻഡിലുകൾ വഴിയും യൂട്യൂബ് ചാനലുകൾ വഴിയും നടത്തിക്കൊണ്ടിരിക്കുന്നത്. ആഞ്ജിയോപ്ലാസ്റ്റി നടത്താൻ എപിഎൽ വിഭാഗത്തിൽപ്പെട്ട ആൾക്ക് സർക്കാർ ആശുപത്രിയിൽ ചാർജ്ജ് ചെയ്യുന്ന സാധാരണ തുക മാത്രമാണിത് .
മേയ് 12ന് അഡ്മിറ്റ് ആകുകയും 17ന് ഡിസ്ചാർജ് ആകുകയും ചെയ്തതിനെയാണ് വെറും 24 മണിക്കൂർ ചികിത്സ എന്ന് പ്രചരിപ്പിക്കുന്നത്.
ഒരു നിയമസഭാംഗം എന്ന നിലയിൽ ഇതിൻ്റെ എത്രയോ ഇരട്ടി തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുള്ള സാഹചര്യമുണ്ടായിട്ടും , താരതമ്യേന ചെലവുകുറഞ്ഞ നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തെ ഉപയോഗപ്പെടുത്തിയതാണ് ഞാൻ ചെയ്ത കുറ്റമെന്നാണോ ഈ പ്രചാരണം നടത്തുന്നവർ പറയുന്നത്? ഹൃദ്രോഗത്തിന് നമ്മുടെ സർക്കാർ ആശുപത്രികളിൽ ഫലപ്രദമായ ചികിത്സയുണ്ടെന്നും അതിനെ സർക്കാരിൻ്റെ ഭാഗമായ ഞാനടക്കമുള്ളവർ വിശ്വസിച്ച് ആശ്രയിക്കുന്നുണ്ടെന്നുമുള്ള പോസിറ്റീവായ സംഗതിയല്ലേ അതിൽ ചർച്ച ചെയ്യേണ്ടത്?
ഒരുവർഷമായി പലരീതിയിൽ നടത്തിവരുന്ന ഈ പ്രചാരണത്തെ അവഗണിക്കുകയായിരുന്നു. എന്നാൽ സാധാരണക്കാർ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നുണപ്രചാരകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.









0 comments