കുതിപ്പ് തുടര്‍ന്ന് കെഎംഎംഎല്‍; 108.75 കോടി രൂപ പ്രവർത്തന ലാഭം

ജയൻ ഇടയ്ക്കാട്
Published on Apr 12, 2025, 04:21 AM | 2 min read
കൊല്ലം: വിറ്റുവരവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നേട്ടം സ്വന്തമാക്കി പൊതുമേഖലാ വ്യവസായ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ). കഴിഞ്ഞ (2024- 25) സാമ്പത്തിക വർഷം കെഎംഎംഎൽ 1036 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. 108.75 കോടി രൂപയാണ് ഇത്തവണ പ്രവർത്തനലാഭം. 2023- 24ൽ 956.24 കോടി രൂപയായിരുന്നു വിറ്റുവരവ്.
ഇതിനുമുമ്പ് റെക്കോഡ് വിറ്റുവരവുണ്ടായത് 2021- 22 സാമ്പത്തിക വർഷമാണ്-1058 കോടി രൂപ. ടൈറ്റാനിയം ടെട്രാക്ലോറൈഡ് (ടിക്കിൾ) വിപണനത്തിൽ സർവകാല റെക്കോഡ് എന്ന നേട്ടവും ഇത്തവണ കെഎംഎംഎൽ കൈവരിച്ചു. 8815 ടൺ ടിക്കിൾ വിപണനം നടത്താനായി. 36,395 ടൺ വിപണനം നടത്തി ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്‌മെന്റ് വിപണനത്തിൽ കഴിഞ്ഞ എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നേട്ടവും കെഎംഎംഎൽ സ്വന്തമാക്കി. ആഭ്യന്തര വിപണിയിലും കഴിഞ്ഞ എട്ടുവർഷത്തെ ഏറ്റവും ഉയർന്ന വിൽപ്പന നേടാൻ ഇത്തവണ കമ്പനിക്കു കഴിഞ്ഞു. കെഎംഎംഎൽ 2023-24ൽ ലാഭവിഹിതം 6.18 കോടി രൂപ സർക്കാരിനു കൈമാറി. ദീർഘവീക്ഷണം, കൃത്യമായ ചുവടുവയ്‌പ് എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണവും വ്യവസായവകുപ്പിന്റെ ക്യത്യമായ ചുവടുവയ്‌പുകളുമാണ് മികച്ച നേട്ടം കൈവരിക്കാൻ കെഎംഎംഎല്ലിനെ പ്രാപ്‌തമാക്കിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019ൽ മിനറൽ സെപ്പറേഷൻ യൂണിറ്റിൽ നടത്തിയ നവീകരണം മികച്ചനേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. കരിമണലിൽനിന്ന് ധാതുക്കൾ വേർതിരിക്കുന്ന നൂതന സംവിധാനമായ ‘ഫ്രോത്ത് ഫ്ലോട്ടേഷൻ' നടപ്പാക്കി. നൂതന സിലിമനൈറ്റ് റിക്കവറി സിസ്റ്റം കമീഷൻ ചെയ്തു.
ഒപ്പം സർക്കാർ നേരിട്ട് ഇടപെട്ട് തോട്ടപ്പള്ളിയിൽനിന്ന് കരിമണൽ എത്തിച്ചത് അസംസ്കൃതവസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും മികച്ച ഉൽപ്പാദനത്തിന് സഹായകമാകുകയും ചെയ്തു. ചാന്ദ്രയാനിലും കൈയൊപ്പ് കെഎംഎംഎല്ലിൽനിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് മെറ്റൽ ഉപയോഗിച്ചുണ്ടാക്കിയ ലോഹക്കൂട്ടുകളാണ് ചന്ദ്രയാൻ ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കൽ കമ്പോണന്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ടൈറ്റാനിയം സ്പോഞ്ച് ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റാണ് കെഎംഎംഎല്ലിലേത്. 2022–23 സാമ്പത്തിക വർഷം എൽഡിഎഫ് സർക്കാർ കമ്പനിയിൽ വിവിധ പദ്ധതികൾ പൂർത്തിയാക്കി. അഞ്ചുകോടി രൂപ ചെലവിൽ 50 ടൺ ശേഷിയുള്ള രണ്ട് ദ്രവീകൃത നൈട്രജൻ സ്റ്റോറേജ് സംവിധാനവും 2.5 കോടി രൂപ ചെലവിൽ 50ടൺ മെഡിക്കൽ ഓക്സിജൻ സ്റ്റോറേജ് സംവിധാനവും അഞ്ചുകോടി ചെലവിൽ 150ടൺ ബ്രയിൻ ചില്ലിങ് കംപ്രസർ സംവിധാനവും കമ്പനിയിൽ പൂർത്തിയായി. അടിയന്തര ഘട്ടങ്ങളിൽ 24മണിക്കൂറും ഉപയോഗിക്കാവുന്ന സേവനം സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്കു കൂടി കരുത്ത് പകരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കും ആധുനീകരണത്തിനുമുള്ള സർക്കാരിന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ച് 260കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ കെഎംഎംഎല്ലിൽ നടന്നുവരുന്നു.









0 comments